NEWSROOM

ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ; ഇൻസ്റ്റാഗ്രാം ഗ്രൂപ്പിലെ ചാറ്റു വിവരങ്ങളും ഫോണുകളും തിരിച്ചറിഞ്ഞ് പൊലീസ്

താമരശേരിയിലെ മാളിലെ സിസിടിവി ദൃശ്യങ്ങളാണ്‌ അന്വേഷണത്തിൽ നിർണായകമായത്

Author : ന്യൂസ് ഡെസ്ക്


താമരശേരി ഷഹബാസ് വധക്കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് പൊലീസ്. 62 പേരടങ്ങുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പിലെ ചാറ്റു വിവരങ്ങളും, ഇതിനായി ഉപയോഗിച്ച ഫോണുകളും പൊലീസ് തിരിച്ചറിഞ്ഞു. താമരശേരിയിലെ മാളിലെ സിസിടിവി ദൃശ്യങ്ങളാണ്‌ അന്വേഷണത്തിൽ നിർണായകമായത്. മർദനത്തിന് ശേഷം അക്രമി സംഘം ഈ മാളിന് സമീപമാണ് കേന്ദ്രീകരിച്ചത്.


വീണ്ടും എതിർ ചേരിയിൽ ഉള്ളവരെ മർദിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയതും ഇവിടെവച്ചാണ്. ഇത് ശ്രദ്ധയിൽപ്പെട്ട മാൾ ജീവനക്കാർ സംഘത്തെ അവിടെ നിന്ന് ഓടിക്കുന്നതും പൊലീസിന് ലഭിച്ച ദൃശ്യങ്ങളിലുണ്ട്. പത്തോളം വിദ്യാർഥികളാണ് ദൃശ്യങ്ങളിൽ ഉള്ളത്. താമരശേരി ഹയർ സെക്കന്ററി സ്കൂളിലെ എല്ലാ വിദ്യാർഥികളും കറുത്ത ഷർട്ട് ധരിച്ചായിരുന്നു സംഭവ ദിവസം എത്തിയത്.

അതേസമയം, കേസിൽ ഒരു വിദ്യാർഥി കൂടി പിടിയിലായിട്ടുണ്ട്. പത്താം ക്ലാസുകാരനാണ് പിടിയിലായത്. കൊലയ്ക്ക് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കണ്ടെത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. ഫെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പത്താം ക്ലാസുകാരനായ ഷഹബാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.


മാർച്ച് ഒന്നിന് പുലർച്ചയോടെയാണ് ഷഹബാസിൻ്റെ മരണം സ്ഥിരീകരിച്ചത്. സംഘർഷത്തിൽ ഷഹബാസിൻ്റെ തലയോട്ടി തകർന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. അടിയുടെ ആഘാതത്തിൽ തലച്ചോർ ഇളകിപോയ നിലയിലായിരുന്നെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കോമ സ്റ്റേജിലായിരുന്ന ഷഹബാസ് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.

SCROLL FOR NEXT