NEWSROOM

മണ്ഡലകാല സർവീസിനായി കൂടുതൽ കെഎസ്ആർടിസി ബസുകൾ; രണ്ടുഘട്ടമായി 933 ബസുകൾ

നിലയ്ക്കൽ - പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും ഉണ്ടാകും

Author : ന്യൂസ് ഡെസ്ക്

അയ്യപ്പഭക്തർക്ക് യാത്രാ തടസ്സമുണ്ടാകാത്ത രീതിയിൽ സർവീസ് ക്രമീകരിച്ച് കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ 383 ബസും രണ്ടാം ഘട്ടത്തിൽ 550 ബസുകളും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

നിലയ്ക്കൽ - പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും ഉണ്ടാകും. തിരക്കനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും. ലോ ഫ്‌ളോർ എ.സി, ലോ ഫ്‌ളോർ നോൺ എ.സി. ബസുകൾ ഉൾപ്പെടെ 192 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത്. ശനിയാഴ്ച ആയിരത്തിലധികം ട്രിപ്പുകൾ നിലയ്ക്കൽ - പമ്പ റൂട്ടിൽ സർവീസ് നടത്തിയിരുന്നു. വലിയ വാഹനങ്ങളിലെത്തുന്ന ഭക്തർ നിലയ്ക്കലിൽ പാർക്ക് ചെയ്തശേഷം കെഎസ്ആർടിസി ബസ്സിൽ ആയിരിക്കും പമ്പയിലെത്തുക. നിലയ്ക്കലിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് വിവിധ പാർക്കിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രണ്ട് മിനി ബസുകളും സർവീസ് നടത്തുന്നുണ്ട്. 200 ഓളം ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തി. തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്നും പമ്പയിലേക്ക് ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്.

പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 104 ജീവനക്കാരെയാണ് കെഎസ്ആർടിസി നിയോഗിച്ചിട്ടുള്ളത്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് 70,000 പേരാണ് വെർച്ചൽ ക്യൂ വഴി ശബരിമലയിൽ ദർശനത്തിന് ബുക്ക് ചെയ്തത്. തൽസമയം ബുക്കിങ്ങിലൂടെ പതിനായിരം പേർ കൂടിയെത്തും. 12 മണി വരെ 34000 ത്തോളം പേർ ദർശനം നടത്തി. സർക്കാർ മുൻകൂട്ടി ചെയ്ത ക്രമീകരണങ്ങൾ മണ്ഡലകാല ആരംഭം കൂടുതൽ സുഗമമാക്കി എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എൻ. പ്രശാന്ത് പറഞ്ഞു.

SCROLL FOR NEXT