NEWSROOM

അനുമതിയില്ലാതെ പ്രതിഷേധ മാർച്ച്; തമിഴ്നാട്ടില്‍ നൂറിലധികം സാംസങ് തൊഴിലാളികള്‍ അറസ്റ്റില്‍

ചെന്നൈയ്‌ക്ക് സമീപം കാഞ്ചീപുരത്തെ സാംസങ് ഗൃഹോപകരണ പ്ലാൻ്റിലെ 104 തൊഴിലാളികളാണ് അറസ്റ്റിലായത്

Author : ന്യൂസ് ഡെസ്ക്

അനുമതിയില്ലാതെ പ്രതിഷേധ മാർച്ചിന് ശ്രമിച്ചെന്ന പേരില്‍ തമിഴ്നാട്ടില്‍ നൂറിലധികം സാംസങ് തൊഴിലാളികള്‍ അറസ്റ്റില്‍. സിഐടിയുവിന്‍റെ നേതൃത്വത്തിലുള്ള തൊഴിലാളി സമരത്തിലാണ് പൊലീസ് നടപടി. വേതനവർധന, ജോലിസമയത്തിലെ മാറ്റം എന്നീ ആവശ്യങ്ങളുയർത്തി സമരത്തിലായിരുന്നു തൊഴിലാളികള്‍. ചെന്നൈയ്‌ക്ക് സമീപം കാഞ്ചീപുരത്തെ സാംസങ് ഗൃഹോപകരണ പ്ലാൻ്റിലെ 104 തൊഴിലാളികളാണ് അറസ്റ്റിലായത്.

വേതനവും, ജോലിസമയവും പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ചയായി പണിമുടക്കുകയായിരുന്നു ഇവർ. പ്ലാന്‍റിന് മുന്നില്‍ സമരപന്തല്‍ കെട്ടിയായിരുന്നു പ്രതിഷേധം. സമരത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച അനുമതിയില്ലാതെ പ്രതിഷേധ മാർച്ചിന് ശ്രമിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. സിഐടിയു തൊഴിലാളി യൂണിയന്‍ നേതാക്കളും അറസ്റ്റിലായവരിലുണ്ട്.


ഇത്രയുമധികം പേരെ സ്റ്റേഷനിലുള്‍ക്കൊള്ളാനാവാത്തതിനാല്‍ പലരെയും സമീപത്തെ ഹാളുകളിലാണ് കസ്റ്റഡിയില്‍ വെച്ചിട്ടുള്ളത്. ക്രമസമാധാനം പാലിക്കാനുള്ള കരുതല്‍ തടങ്കലാണ് ഇതെന്നാണ് പൊലീസ് വിശദീകരണം. സമരക്കാരുമായി ചർച്ചകളാരംഭിച്ചിട്ടുണ്ടെന്നും, സിഐടിയുവിന്‍റെ തൊഴിലാളി യൂണിയനെ അംഗീകരിക്കില്ലെന്നുമാണ് മാനേജ്മെന്‍റിന്‍റെ നിലപാട്.

SCROLL FOR NEXT