കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് കൊലപാതകത്തിൽ ആദ്യ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുന്നത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് ഹിമാനി നർവാളിന്റെ കുടുംബത്തിൻ്റെ ആവശ്യം.
"പ്രതി അറിയാവുന്ന ഒരാളാണെന്ന് എനിക്ക് ഉറപ്പുണ്ട്. കൊലപ്പെടുത്തിയത് പാർട്ടിയിൽ നിന്നുള്ള ആളോ, കോളേജിൽ നിന്നുള്ളതോ, അല്ലെങ്കിൽ ഞങ്ങളുടെ ബന്ധുവോ ആകാം. അവർക്ക് മാത്രമേ വീട്ടിലേക്ക് വരാൻ കഴിയൂ. ആരോ അവളെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്. അവൾ അത് പ്രതിരോധിച്ചതുകൊണ്ടാണ് ഇത് സംഭവിച്ചത്. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല. പ്രതിക്ക് വധശിക്ഷ നൽകണം. സർക്കാരിൽ നിന്ന് ആരും ഇതുവരെ അന്വേഷിച്ചില്ല" ഹിമാനി നർവാളിന്റെ അമ്മ സവിത പറഞ്ഞു.
മാർച്ച് ഒന്നിനാണ് റോത്തഗ് ജില്ലയിൽ ബസ് സ്റ്റാൻഡിന് സമീപം ഹിമാനി നർവാളിന്റെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയത്. സാംപ്ല ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ അകലെ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസ് യാത്രക്കാർ ശ്രദ്ധയിൽപ്പെടുകയും പൊലീസിൽ അറിയിക്കുകയും ചെയ്യുകയായിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡിൽ വലിച്ചെറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും സാംപ്ല പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജേന്ദ്ര സിങ് പറഞ്ഞു.
തെരഞ്ഞെടുപ്പും പാർട്ടിയും തന്റെ മകളുടെ ജീവൻ അപഹരിച്ചുവെന്നാണ് കൊലപാതകം വിവരം പുറത്തുവന്ന ദിവസം ഹിമാനി നർവാളിന്റെ അമ്മ പ്രതികരിച്ചത്. അവൾ രാഹുൽ ഗാന്ധിക്കൊപ്പമാണ് പോയത്. ഹൂഡ കുടുംബവുമായി അവൾക്ക് അടുപ്പമുണ്ടായിരുന്നു, ഇതുമൂലം അവൾക്ക് ചില ശത്രുക്കളുണ്ടായി. ഫെബ്രുവരി 28 ന് ഹിമാനി നർവാൾ വീട്ടിലായിരുന്നു എന്നും അമ്മ സവിത പറഞ്ഞു.
ഹരിയാനയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിട്ടുള്ള പ്രവർത്തകയാണ് നർവാൾ. റോഹ്തക് എംപി ദീപേന്ദർ ഹൂഡയുടേത് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പരിപാടികളിലും, കോൺഗ്രസ് റാലികളിലും, നർവാൾ പങ്കെടുത്തിട്ടുണ്ട്.