NEWSROOM

"മാലിന്യം തിന്നാന്‍ വന്ന പട്ടികളാണ് എന്റെ കുട്ടിയെ കടിച്ചു കീറിയത്"; പേവിഷബാധയേറ്റ് മരിച്ച ഏഴ് വയസുകാരിയുടെ അമ്മ

ഈ ഒരു അവസ്ഥ ആർക്കും വരരുതെന്നായിരുന്നു നിയയുടെ അച്ഛന്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

"മാലിന്യം തിന്നാൻ വന്ന പട്ടിയാണ് എന്റെ കുഞ്ഞിനെ കടിച്ചത്," എന്ന് പറയുമ്പോൾ പേവിഷബാധയേറ്റ് മരിച്ച ഏഴ് വയസുകാരിയായ നിയാ ഫൈസലിന്റെ അമ്മ നെഞ്ചുപൊട്ടി കരയുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് കൊല്ലം വിളക്കുടി സ്വദേശിനി നിയ പേവിഷബാധയെ തുടർന്ന് മരിച്ചത്. രണ്ട് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ ഏൽക്കുകയായിരുന്നു. ഇതോടെ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി.

"ഇനിയും കുറേ പട്ടികളേ കൂടി വളർത്ത്. അവിടെ വേസ്റ്റ് കൊണ്ട് ഇടരുതെന്ന് എല്ലാവരോടും പറഞ്ഞതാണ്. ഒരു മനുഷ്യരും കേട്ടില്ല. അത് തിന്നാൽ വന്ന പട്ടികളാ എന്റെ കുട്ടിയെ കടിച്ചു കീറിയത്. ഞാൻ ഓടിച്ചുവിട്ട പട്ടികളാണ് എന്റെ കുട്ടിയെ കടിച്ചു കീറിയത്", ആ അമ്മ ഉള്ളുലഞ്ഞ് കൊണ്ട് പറഞ്ഞു. ഈ ഒരു അവസ്ഥ ആർക്കും വരരുതെന്നായിരുന്നു നിയയുടെ അച്ഛന്റെ പ്രതികരണം.

പുനലൂർ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലാണ് നിയയുടെ ഖബറടക്കം. പൊതുദർശനം ഉണ്ടാകില്ല. അമ്മയോട് ക്വാറന്റൈനിലിരിക്കാനാണ് ആരോ​ഗ്യ പ്രവർത്തകർ നൽകിയിരിക്കുന്ന നിർദേശം.

ഏപ്രിൽ എട്ടിനാണ് പെൺകുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. പനി ബാധിച്ച് 28-ാം തീയതി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലും പിന്നീട് താലൂക്ക് ആശുപത്രിയിലുമായി പ്രാഥമിക ചികിത്സ നൽകുകയും പ്രതിരോധ വാക്സിൻ എടുക്കുകയും ചെയ്തു. ഒരു ഡോസ് വാക്സിൻ മാത്രം എടുക്കാൻ അവശേഷിക്കെ കുട്ടിയുടെ നില ​ഗുരുതരമാകുകയായിരുന്നു. മെയ് ഒന്നാം തീയതിയാണ് എസ്‌എടിയിൽ എത്തിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്ന നിയ ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ കൈയ്യുടെ ഞരമ്പിൽ നായയുടെ കടിയേറ്റതാണ് ആരോ​ഗ്യനില ​ഗുരുതരമാകാൻ കാരണമെന്നാണ് ആദ്യഘട്ടത്തിൽ ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്.

വൈറസ് വ്യാപനം വന്നാൽ വാക്സിൻ നൽകിയാലും രക്ഷപ്പെടുത്താൻ കഴിയില്ലെന്നാണ് പേവിഷബാധയേറ്റ് മലപ്പുറത്തെ അഞ്ചര വയസുകാരി സിയ മരിച്ചതിനു പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ഡിഎംഇ ഇൻചാർജ് വിശ്വനാഥൻ പറഞ്ഞത്. തലയിൽ കടിയേറ്റാൽ വ്യാപന സാധ്യത കൂടുതലാണെന്നും ഡിഎംഇ അറിയിച്ചിരുന്നു. മൂന്ന് കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുമ്പോഴും തെരുവുനായകളുടെ ആക്രമണങ്ങള്‍ക്ക് സംസ്ഥാനത്ത്  അറുതിയുണ്ടാകുന്നില്ല. റോഡരികിലെ മാലിന്യകൂമ്പാരങ്ങള്‍ക്കും.

SCROLL FOR NEXT