NEWSROOM

കണ്ണൂരില്‍ അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തില്‍; റോഡിലെ വളവും അശാസ്ത്രീയമെന്ന് എംവിഐ

കുറുമാത്തൂര്‍ സ്‌കൂളിന്റെ ബസാണ് വളക്കൈ പാലത്തിന് സമീപം 3.45 ഓടെ അപകടത്തില്‍പ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂരിലെ വളക്കൈയില്‍ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസ് അമിത വേഗതയിലായിരുന്നുവെന്ന് തളിപ്പറമ്പ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍. ബസിന് 14 വര്‍ഷത്തെ പഴക്കമുണ്ട്. ഡിസംബര്‍ 29ന് ഫിറ്റ്‌നസ് കാലാവധി സാങ്കേതികമായി അവസാനിച്ചിരുന്നുവെന്നും ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. അതേസമയം അപകടമുണ്ടാക്കിയ റോഡിലെ വളവ് അശാസ്ത്രീയമാണെന്നും എംവിഐ പറഞ്ഞു.

അപകടത്തില്‍ ഒരു വിദ്യാര്‍ഥി മരിച്ചിരുന്നു. അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. 15 വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കുറുമാത്തൂര്‍ സ്‌കൂളിന്റെ ബസാണ് വളക്കൈ പാലത്തിന് സമീപം 3.45 ഓടെ അപകടത്തില്‍പ്പെട്ടത്.

വളവിലൂടെ സഞ്ചരിക്കവെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 11 കുട്ടികള്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും, മൂന്ന് കുട്ടികള്‍ താലൂക്ക് ആശുപത്രിയിലും, ഒരാള്‍ പരിയാരം മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്.

SCROLL FOR NEXT