സമസ്തയിലെ തർക്കത്തിൽ നിലപാട് മയപ്പെടുത്തി മുസ്തഫൽ ഫൈസി. അഭിപ്രായ വ്യത്യാസങ്ങൾ മാന്തി വലുതാക്കി വലിയ മുറിവാക്കരുത്. വ്രണം വലുതാക്കാൻ ശ്രമിക്കരുതെന്നും മുസ്തഫൽ ഫൈസി പറഞ്ഞു. നേതാക്കൾ എന്ത് തീരുമാനം എടുക്കുന്നോ അവിടെയാണ് നാം നിൽക്കേണ്ടത്. സ്വന്തമായി യാതൊരു താല്പര്യവും ഇല്ലെന്നും മുസ്തഫൽ ഫൈസി വ്യക്തമാക്കി. സമസ്തയിലെ പ്രശ്ന പരിഹാരത്തിന് കളമൊരുങ്ങുന്ന സാഹചര്യത്തിലാണ് മുസ്തഫൽ ഫൈസി നിലപാട് മയപ്പെടുത്തുന്നത്. തിരൂരിൽ നടന്ന എസ്എംഎഫ് സമ്മേളനത്തിലാണ് മുസ്തഫൽ ഫൈസി നിലപാട് വ്യക്തമാക്കിയത്.
സമസ്ത നേതൃത്വത്തെയും, ജിഫ്രിതങ്ങളെയും വിമർശിച്ചതിനാണ് മുസ്തഫൽ ഫൈസിയെ സമസ്തയുടെ കേന്ദ്ര മുശാവറയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മലപ്പുറത്ത് നടന്ന സമസ്തയുടെ പരിപാടിയിലാണ് മുസ്തഫൽ ഫൈസി മുസ്ലിം ലീഗിനെ അനുകൂലിച്ച് സംസാരിച്ചത്. വണ്ടിയിൽ വൈകിക്കയറിയവരല്ല ദിശ നിർണയിക്കേണ്ടത്. ആദ്യം കയറിയവർ ഉണ്ടാകും. അവര് പറയുന്നിടത്തേക്കാണ് വണ്ടി വിടേണ്ടത് എന്ന പരാമർശമാണ് നടപടിയിലേക്ക് നയിച്ചത്.
നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുന്നി മഹല്ല് ഫെഡറേഷൻ കഴിഞ്ഞദിവസം കത്ത് നൽകിയിരുന്നു. സാദിഖലി തങ്ങൾ തിരിച്ചെത്തിയ ശേഷം എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കുമെന്നാണ് കത്തിന് സമസ്ത നേതൃത്വം നൽകിയ മറുപടി. മുസ്തഫൽ ഫൈസിക്കും ഉമർ ഫൈസിക്കും രണ്ട് നീതി എന്നൊരു പ്രതീതിയുണ്ടെന്നും കത്തിൽ പരാമർശമുണ്ട്. ഈ മാസം 19നാണ് സാദിഖലി ശിഹാബ് തങ്ങൾ വിദേശത്ത് നിന്ന് തിരിച്ചെത്തുക. സമസ്തയിലെ ലീഗ് അനുകൂലികളിൽ പ്രധാനിയാണ് മുസ്തഫൽ ഫൈസി. സമസ്തയുടെ പോഷക സംഘടനയാണ് സുന്നി മഹല്ല് ഫെഡറേഷൻ.