Mpox 
NEWSROOM

ഇന്ത്യയിലും 'എംപോക്സ്'? വിദേശത്ത് നിന്നെത്തിയ ആൾക്ക് ലക്ഷണങ്ങൾ കണ്ടെത്തി

അടുത്തിടെ എംപോക്സ് കണ്ടെത്തിയ ഒരു രാജ്യത്ത് ഈ പുരുഷൻ യാത്ര ചെയ്തിട്ടുണ്ടെന്നും, ആശുപത്രിയിൽ പ്രത്യേകം മാറ്റിപ്പാർപ്പിച്ചിരിക്കുകയാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ എക്സിലൂടെ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്


ഇന്ത്യയിൽ ആദ്യമായി 'എംപോക്സ്' രോഗബാധയെന്ന് സംശയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ആൾക്കാണ് രോഗബാധ സംശയിക്കുന്നത്. ഇയാൾക്ക് എംപോക്സിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, രോഗബാധ സ്ഥിരീകരിക്കാനായി രോഗിയിൽ ശേഖരിച്ച സാംപിളുകൾ വിശദമായ പരിശോധനകൾക്കായി അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. രോഗിയുടെ സ്വകാര്യ വിവരങ്ങളോ, എവിടെയാണ് ചികിത്സ ലഭ്യമാക്കുന്നതെന്നോ സംബന്ധിച്ച വിവരങ്ങളൊന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡെക്കാൻ ഹെറാൾഡ്സും എഎൻഐയും റിപ്പോർട്ട് ചെയ്യുന്നത്.

അടുത്തിടെ എംപോക്സ് കണ്ടെത്തിയ ഒരു രാജ്യത്ത് ഈ പുരുഷൻ യാത്ര ചെയ്തിട്ടുണ്ടെന്നും, ആശുപത്രിയിൽ പ്രത്യേകം മാറ്റിപ്പാർപ്പിച്ചിരിക്കുകയാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ എക്സിലൂടെ അറിയിച്ചു. പ്രോട്ടോക്കോളുകൾ പ്രകാരം രോഗിയുടെ സമ്പർക്ക പട്ടിക അന്വേഷിച്ച് വരികയാണെന്നും, രാജ്യത്ത് രോഗവ്യാപനം നിർണയിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് തയ്യാറെടുപ്പുകൾ ആരംഭിച്ചതായും കേന്ദ സർക്കാർ അറിയിച്ചു.

“ഈ കേസിൻ്റെ അപകടസാധ്യത സംബന്ധിച്ച് നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) വിലയിരുത്തൽ നടത്തുന്നുണ്ട്. അനാവശ്യമായ ആശങ്കയ്ക്ക് കാരണമൊന്നുമില്ല,” ആരോഗ്യ മന്ത്രാലയം പറഞ്ഞു. “ഇത്തരം ഒറ്റപ്പെട്ട യാത്രയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ രാജ്യം പൂർണ്ണമായി തയ്യാറാണ്. കൂടാതെ സാധ്യമായ അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനും ലഘൂകരിക്കുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കും,” മന്ത്രാലയം കൂട്ടിച്ചേർത്തു.

SCROLL FOR NEXT