NEWSROOM

എംപോക്‌സ് തീവ്ര വ്യാപനം; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

എംപോക്‌സ് പ്രധാനമായും ലൈംഗിക ബന്ധത്തിലൂടെയും, രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയൊക്കെയുമാണ് മറ്റൊരാളിലേക്ക് പടരുക.

Author : ന്യൂസ് ഡെസ്ക്



ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിലും മറ്റു രാജ്യങ്ങളിലും എംപോക്‌സ് (കുരങ്ങുപനി) വ്യാപിക്കുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. അടിയന്തര സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

രോഗവ്യാപനം കണക്കിലെടുത്ത് ആഫ്രിക്കയില്‍ നേരത്തെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ക്ലാഡ് ഐബി എന്ന രണ്ടാം വകഭേദം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് എം പോക്‌സിനെ ആഫ്രിക്ക ആരോഗ്യ അടിയന്തരവാസ്ഥയായി പ്രഖ്യാപിച്ചത്.

ഈ വര്‍ഷം ആരംഭം മുതല്‍ കോംഗോയില്‍ 13,700 ലധികം പേര്‍ക്ക് എംപോക്‌സ് ബാധിക്കുകയും 450 ഓളം പേര്‍ മരണപ്പെടുകയും ചെയ്തുവെന്നാണ് കണക്ക്. ആഫ്രിക്കന്‍ രാജ്യങ്ങളായ ബുരുണ്ടി, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കെനിയ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിലും എംപോക്‌സ് വ്യാപിച്ചിട്ടുണ്ട്.


കോംഗോയ്ക്ക് പുറമെ കിഴക്കന്‍ ആഫ്രിക്കയിലേക്കും പടര്‍ന്നു പിടിച്ച എംപോക്‌സ് വൈറസിന്റെ പുതിയ വകഭേദം പെട്ടെന്ന് പടര്‍ന്നു പിടിക്കുകയും അത് മരണ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നത് ഗവേഷകരെ അടക്കം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ആഫ്രിക്കയിലും ആഫ്രിക്കയ്ക്ക് പുറത്തുമായി രോഗം പടര്‍ന്ന് പിടിക്കുന്നത് വലിയ ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് ലോകാരോഗ്യസംഘടനയുടെ തലവനായ ടെഡ്രോസ് അഥനം ഗബ്രിയേസസ് പറഞ്ഞു. രോഗ വ്യാപനത്തെ തടയാന്‍ അന്താരാഷ്ട്ര തലത്തില്‍ ഒരു നടപടികള്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എംപോക്‌സ് പ്രധാനമായും ലൈംഗിക ബന്ധത്തിലൂടെയും, രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയൊക്കെയുമാണ് മറ്റൊരാളിലേക്ക് പടരുക.

നേരത്തെ എച്ച് വണ്‍ എന്‍വണ്‍, പന്നിപ്പനി, എബോള, സിക വൈറസ്, കൊവിഡ് തുടങ്ങിയ രോഗങ്ങള്‍ ലോകത്ത് പടര്‍ന്നു പിടിച്ച ഘട്ടങ്ങളിലും ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 2022ലും നേരത്തെ എം പോക്‌സ് ഭീതിയുടെ സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

SCROLL FOR NEXT