NEWSROOM

ഉമ തോമസിന് പരുക്കേറ്റ സംഭവം: മൃദം​ഗ വിഷൻ ഉടമ നി​ഗോഷ് കുമാർ അറസ്റ്റിൽ

ഇയാളെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും

Author : ന്യൂസ് ഡെസ്ക്


കലൂരിൽ ഉമ തോമസ് എംഎൽഎ വീണ് പരുക്ക് പറ്റിയ സംഭവത്തിൽ മൃദം​ഗ വിഷൻ ഉടമ നി​ഗോഷ് കുമാർ അറസ്റ്റിൽ. ഏഴര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകളാണ് നിഗോഷിനെതിരെ ചുമത്തിയിരിക്കുന്നത്. കോടതി നിർദേശപ്രകാരമാണ് നി​ഗോഷ് കുമാർ കീഴടങ്ങിയത്. ഇയാളെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.

ഉമ തോമസിന് അപകടം പറ്റിയതിൽ ഉത്തരവാദിത്തം തനിക്കും തന്റെ കമ്പനിക്കും മാത്രമല്ലെന്ന് നി​ഗോഷ് കുമാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എല്ലാ അനുമതിയും വാങ്ങിയിരുന്നു. സ്റ്റേജ് കെട്ടിയുയർത്തിയപ്പോൾ ജിസിഡിഎ യാതൊരു എതിർപ്പും പറഞ്ഞിരുന്നില്ലെന്നുമാണ് നി​ഗോഷ് കുമാർ പറഞ്ഞത്.

അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ സര്‍ജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് സംഘം സന്ദര്‍ശനം നടത്തിയത്.

ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും എന്നാൽ, രണ്ട് ​ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരേണ്ടതുണ്ടെന്നുമാണ് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്. ആശുപത്രിയിലെ മെഡിക്കല്‍ സംഘവുമായി ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ട്രീറ്റ്‌മെന്റ് പ്ലാന്‍ ചര്‍ച്ച ചെയ്തു. മന്ത്രി വീണാ ജോര്‍ജ് ഈ സംഘവുമായി ആശയവിനിമയം നടത്തി. ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണെന്നും കൃത്യമായ രീതിയില്‍ ചികിത്സ തുടരുന്നുണ്ടെന്നും സംഘം വിലയിരുത്തി.

SCROLL FOR NEXT