NEWSROOM

എല്ലാ അനുമതിയും വാങ്ങി, ജിസിഡിഎ യാതൊരു എതിർപ്പും പറഞ്ഞില്ല; പൂർണ ഉത്തരവാദിത്തം കമ്പനിക്ക് മാത്രമല്ലെന്ന് മൃദംഗ വിഷൻ

അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ കീഴടങ്ങുമെന്നും നികോഷ് കുമാർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


കലൂർ സ്റ്റേഡിയത്തിലെ മൃദംഗവിഷൻ നൃത്ത പരിപാടിക്കിടെ ഉമാ തോമസിന് അപകടം പറ്റിയതിൽ ഉത്തരവാദിത്തം തനിക്കും തന്റെ കമ്പനിക്കും മാത്രമല്ലെന്ന് മൃദംഗ വിഷൻ കോ-ഓഡിനേറ്റർ നികോഷ് കുമാർ. എല്ലാ അനുമതിയും വാങ്ങിയിരുന്നു. സ്റ്റേജ് കെട്ടിയുയർത്തിയപ്പോൾ ജിസിഡിഎ യാതൊരു എതിർപ്പും പറഞ്ഞിരുന്നില്ല. ഏത് അന്വേഷണത്തിനും തയ്യാറാണ്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ കീഴടങ്ങുമെന്നും നികോഷ് കുമാർ പറഞ്ഞു.

പരിപാടിയിൽ നിന്ന് ആകെ മൂന്നര കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽ 24 ലക്ഷം രൂപ ​ഗിന്നസിനായി നൽകി. ജിഎസ്ടി കിഴിച്ച് 2900 രൂപയാണ് ഒരാളിൽ നിന്നും വാങ്ങിയത്. ഇതിൽ സാരിയുടെ 390 രൂപ ഉൾപ്പെടും. 1600 രൂപ വാങ്ങിയ കണക്കിനെ പറ്റി കമ്പനിക്കറിയില്ല. ടീച്ചർമാരാണ് അത് കൈകാര്യം ചെയ്തതെന്നും നികോഷ് കുമാർ പറഞ്ഞു.

നൂറ് കുട്ടികളെ കൊണ്ടു വന്ന ടീച്ചർമാർക്ക് സ്വർണനാണയം സമ്മാനമായി നൽകുമെന്ന് പറഞ്ഞിരുന്നു. ഇതുവരെയും അത് കൊടുത്തിട്ടില്ല. സ്വർണനാണയം തീർച്ചയായും കൊടുക്കുമെന്നും മൃദംഗ വിഷൻ കോ-ഓഡിനേറ്റർ നികോഷ് കുമാർ വ്യക്തമാക്കി.

SCROLL FOR NEXT