NEWSROOM

മൃദംഗനാദം മൃദംഗവിഷൻ പരിപാടി: പരിശോധന നടത്തുന്നതിൽ വീഴ്ച വരുത്തിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

സ്റ്റേജ് നിർമിക്കുകയും ടിക്കറ്റ് വെച്ച് പരിപാടി നടത്തുകയും ചെയ്തപ്പോഴും ഉദ്യോഗസ്ഥർ വിവരം അറിഞ്ഞില്ല

Author : ന്യൂസ് ഡെസ്ക്


കലൂർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന മൃദംഗനാദം മൃദംഗവിഷൻ പരിപാടിക്ക് മുന്നോടിയായി പരിശോധന നടത്തുന്നതിൽ വീഴ്ച വരുത്തിയതിന് ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. പരിപാടിയുടെ സംഘാടകർ തലേ ദിവസം രാത്രിയാണ് അപേക്ഷ നൽകിയത്. പരിശോധന നടത്തിയപ്പോൾ സ്റ്റേജ് നിർമിച്ചിട്ടില്ലായിരുന്നു. പിന്നീട് സ്റ്റേജ് നിർമിക്കുകയും ടിക്കറ്റ് വെച്ച് പരിപാടി നടത്തുകയും ചെയ്തപ്പോഴും ഉദ്യോഗസ്ഥർ വിവരം അറിഞ്ഞില്ല. ഈ വീഴ്ചയുടെ പേരിലാണ് ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

അതേസമയം, കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇൻ്റർനാഷണല്‍ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് താഴെ വീണ് പരുക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. പുതുവത്സരാശംസകള്‍ നേര്‍ന്നതായും ശരീരമാകെ ചലിപ്പിക്കുകയും ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു.

ഉമ തോമസ് നിലവിൽ തീവ്രപരിചരണ വിഭാഗം വെൻ്റിലേറ്ററിൽ തുടരുകയാണ്. ആളുകളെ തിരിച്ചറിയുകയും നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യുന്നതിനാൽ തലക്കേറ്റ പരുക്കിനെക്കുറിച്ച് തൽക്കാലം കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

SCROLL FOR NEXT