NEWSROOM

സ്ത്രീയും പുരുഷനും തുല്യ നീതി ലഭിക്കേണ്ടവരാണ്; പി.എം.എ സലാമിനെ തള്ളി എംഎസ്എഫ്

Author : ന്യൂസ് ഡെസ്ക്

സ്ത്രീ-പുരുഷ തുല്യതയെ സംബന്ധിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പ്രസ്താവന തള്ളി എംഎസ്എഫ്. സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്ന മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. എ സലാമിൻ്റെ പ്രസ്താവനയാണ് എംഎസ്എഫ് തള്ളിയത്. സ്ത്രീയും പുരുഷനും തുല്യ നീതി ലഭിക്കേണ്ടവരാണ്. മതപണ്ഡിതന്മാർ പറയുന്നത് മതത്തിൻ്റെ  കാര്യമാണെന്നും എംഎസ്എഫ് വ്യക്തമാക്കി.
ക്യാമ്പസിൽ ഞങ്ങൾ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അവിടെ സ്ത്രീക്കും പുരുഷനും തുല്യനീതിയാണ് ഉണ്ടാവേണ്ടത്. പാർട്ടി നിലപാട് പാർട്ടി നേതാക്കന്മാർ പറയുമെന്നും എംഎസ്എഫിന്റെ നിലപാട് ഭാരവാഹികളായ ഞങ്ങൾ പറയുമെന്നും എംഎസ്എഫ് തുറന്നടിച്ചു.



സ്ത്രീയും പുരുഷനും തുല്യരെന്നത് അപ്രായോഗികമാണ്. സ്ത്രീയും പുരുഷനും തുല്യമാണെന്ന്, ലോകം അംഗീകരിച്ചിട്ടുണ്ടോയെന്നും പിഎംഎ സലാം ചോദ്യം ഉന്നയിച്ചിരുന്നു. ഒളിംപിക്സിൽ പോലും സ്ത്രീകൾക്ക് വേറെ മത്സരമാണ്. ബസിൽ പ്രത്യേക സീറ്റല്ലേ, സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ, വേറേയല്ലേ? ഇതെല്ലാം രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം അഭിപ്രായപ്പെട്ടിരുന്നു.

മുസ്ലീം ലീഗ് മതപരമായ അഭിപ്രായം പറയാറില്ല, രാഷ്ട്രീയ അഭിപ്രായമാണ് പറയുന്നത്. സമത്വമല്ല, തുല്യ നീതിയാണ് തങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്നും പിഎംഎ സലാം പറഞ്ഞു. സമത്വം എന്നത് നടപ്പിലാക്കുന്നതിനെ പറ്റി പറഞ്ഞപ്പോൾ, വീട്ടിലോ, സ്കൂളിലോ, ബസിലോ പോലും പരിഗണിക്കാത്ത കാര്യമാണെന്നും, സ്വന്തം വീട്ടിൽ ആദ്യം ഇത്തരം സമത്വം ഉണ്ടാക്കൂ, എന്നിട്ടാവാം ബാക്കിയെന്നും പിഎംഎ സലാം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഈ നിലപാടിനെ തള്ളിക്കൊണ്ടാണ് എംഎസ്എഫ് രംഗത്തെത്തിയിരിക്കുന്നത്.


SCROLL FOR NEXT