NEWSROOM

പിണറായി വിജയനെ വേദിയിലിരുത്തി വിമര്‍ശിച്ച എഴുത്തുകാരന്‍; എംടി രാഷ്ട്രീയം പറയുമ്പോള്‍

പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തില്‍ ഇഎംഎസ് ചെയ്തപോലെ എഴുത്തില്‍ എം.ടിയും ആര്‍ക്ക് മുന്നിലും ഓച്ഛാനിച്ചില്ല..

Author : ന്യൂസ് ഡെസ്ക്

ജീവിതകാലയളവില്‍ ഇന്നോളം, എം.ടി നേരിട്ട ഏറ്റവും വലിയ വിമര്‍ശനം രാഷ്ട്രീയ നിലപാട് പറഞ്ഞില്ലെന്നാതായിരുന്നു... അദ്ദേഹം വ്യക്തമായ രാഷ്ട്രീയാഭിപ്രായം പറഞ്ഞ സന്ദര്‍ഭങ്ങള്‍ വളരെ കുറവാണ്. വിളിച്ചുപറഞ്ഞുള്ള ധാര്‍മിക രോഷപ്രകടനം എംടിയുടെ ശീലത്തിലില്ല.. എന്നാല്‍ എംടി രാഷ്ട്രീയം പറഞ്ഞപ്പോഴെല്ലാം അത് ചെറിയ ചെറിയ ഭൂകമ്പങ്ങളാവുകയും ചെയ്തു.

നേര് പറയുന്നയാള്‍. നേര് പറയുന്നതില്‍ മുഖം നോട്ടമില്ലാത്ത, ഇല്ലാത്ത ലോഹ്യം ഉണ്ടെന്ന് ഭാവിക്കാത്തയാള്‍. ചിരിക്കുന്നതില്‍ പിശുക്ക് കാണിച്ച എഴുത്തുകാരന്‍... എം.ടിയുടെ സ്വഭാവ വിശേഷണങ്ങള്‍ ഇതെല്ലാം ചേര്‍ന്നതായിരുന്നു.. പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തില്‍ ഇഎംഎസ് ചെയ്തപോലെ എഴുത്തില്‍ എം.ടിയും ആര്‍ക്ക് മുന്നിലും ഓച്ഛാനിച്ചില്ല.. ഒരു പദവിയും അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല.. ഒരു ചെറുഭാഷണം, നിലയ്ക്കാത്ത എഴുത്ത്... അതിലുണ്ടായി സാഹിത്യത്തിന്റെ ഗിരിശൃംഗങ്ങള്‍ കീഴടക്കിയ ആ മനസ്സ്.


രാഷ്ട്രീയം അധികം പറയാത്ത എം.ടി രാഷ്ട്രീയം പറഞ്ഞപ്പോള്‍ കേരളക്കര കാതുകൂര്‍പ്പിച്ചിട്ടുണ്ട്... അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ചര്‍ച്ചയാക്കിയിട്ടുണ്ട് മാധ്യമങ്ങള്‍.. ഓരോ കാലഘട്ടത്തിലും കേരള മനസാക്ഷിയെ വേദനിപ്പിച്ച പ്രശ്‌നങ്ങളില്‍ മാത്രം എംടി അഭിപ്രായം പറഞ്ഞു, അപ്രസക്തമെന്ന് സ്വയം തോന്നിയവയോട് നിരാസം പ്രഖ്യാപിച്ചു. എല്ലാ മനുഷ്യനേയും ബാധിക്കുന്ന രാഷ്ട്രീയ വിമര്‍ശനം എം.ടി നടത്താറുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി വിമര്‍ശനം നടത്തിയിട്ട് അധികകാലമായില്ല. അധികാരമെന്നത് ആധിപത്യമോ സര്‍വ്വാധിപത്യമോ ആയി മാറിയെന്ന് എം.ടി ആ പ്രസംഗത്തില്‍ വികാരപ്പെട്ടു. ജനസേവനത്തിന് കിട്ടുന്ന അവസരമെന്ന സിദ്ധാന്തത്തെ, പല നേതാക്കളും കുഴിവെട്ടി മൂടിയെന്നും തുറന്നടിച്ചു. നേതാവ് ഒരു നിമിത്തമല്ലാതെ, ചരിത്രപരമായ ആവശ്യകതയായി മാറിയെന്നും വിമര്‍ശിച്ചു.


കമ്മ്യൂണിസത്തോട് എല്ലാ കാലത്തും ആദരവും ഏകാധിപത്യത്തോടും സര്‍വ്വാധിപത്യത്തോടും ഉറച്ച എതിര്‍പ്പും പ്രകടിപ്പിച്ചു എംടി. 1968 ല്‍ നക്‌സല്‍ ആക്രമണം ഉണ്ടാവുകയും അജിത അടക്കമുള്ളവര്‍ പൊലീസിന്റെ പീഡനത്തിന് ഇരയാവുകയും ചെയ്തപ്പോള്‍ എം.ടി പ്രതികരിച്ചു. എ.കെ. ആന്റണിയുടെ ഭരണകാലത്ത് മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെയുണ്ടായ വെടിവെപ്പുണ്ടായത് എം.ടിയെ ക്ഷോഭിപ്പിച്ചു. അതിന് മുമ്പും ശേഷവും കോളിളക്കം സൃഷ്ടിച്ച പല സംഭവങ്ങളുണ്ടായെങ്കിലും എം.ടി ശബ്ദിച്ചില്ല. പിന്നീട് എം.ടി തുറന്നടിച്ചത് മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചപ്പോഴാണ്. തുഗ്ലക്ക് ഭരണപരിഷ്‌കാരം എന്നായിരുന്നു പരിഹാസം. സാമ്പത്തിക ശാസ്ത്രമല്ല, സാധാരണക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടായിരുന്നു എം.ടിയുടെ അന്നത്തെ ആശങ്കയ്ക്ക് അടിസ്ഥാനം. ബിജെപി പ്രൊഫൈലുകളില്‍ നിന്ന് എംടിയ്‌ക്കെതിരെ വന്‍ വിമര്‍ശനങ്ങളുണ്ടായി. ആ വന്‍മരം കുലുങ്ങിയില്ല.


എം.ടി വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരനെ അഹങ്കരിയായി തന്നെയാണ് എഴുത്തിലൂടെ മുന്നോട്ടുപോയത്. പക്ഷേ തന്റെ കഥകളിലെ രാഷ്ട്രീയകാലത്തെ എംടി വിട്ടുകളഞ്ഞുവെന്നതാണ് വിമര്‍ശനം. പകരം ആ കാലത്തിന്റെ സാമൂഹ്യജീവിതത്തിലെ ചില തുറസ്സുകള്‍ ആ വരികളില്‍ നിറഞ്ഞുകിടപ്പുമുണ്ട്.. എംടിയോട് കാലവും കേരളവും കടപ്പെട്ടിരിക്കുന്നു.


SCROLL FOR NEXT