NEWSROOM

ഓര്‍മയുടെ പച്ചഞരമ്പില്‍ എഴുതിവെച്ച വാക്കിന്റെ ശിലാലിഖിതങ്ങള്‍

ആ എഴുത്തിനോട് ചെവി ചേര്‍ത്തുവെച്ചാല്‍ കഥാപാത്രത്തിന്റെ ആത്മഭാഷണങ്ങളുടെ താളവും സംഘര്‍ഷങ്ങളുടെ മുറുക്കവും അതിലെ ഓരോ വരിയിലും കേള്‍ക്കാം

Author : ന്യൂസ് ഡെസ്ക്

ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നൊരു കഥ എഴുതിയിട്ടുണ്ട് എംടി. സ്വയമേവ അങ്ങനെയൊരാള്‍ തന്നെ ആയിരുന്നിട്ടുമുണ്ട് അദ്ദേഹം. പ്രത്യക്ഷത്തിലും അല്ലാതേയും.. ഓളവും തീരവും, ബന്ധനം, ആരൂഢം, അടിയൊഴുക്കുകള്‍, കാലം, പാതിരാവും പകല്‍വെളിച്ചവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, അമൃതംഗമയ, നഖക്ഷതങ്ങള്‍, നഗരമേ നന്ദി, വാനപ്രസ്ഥം, സദയം, ചെറിയ ചെറിയ ഭൂകമ്പങ്ങള്‍, ആരണ്യകം....

ഓരോ പേരിലും വാക്കിലും വരിയിലും ഗൂഢാര്‍ത്ഥങ്ങളുടെ ലയമുണ്ട് ആ രചനയില്‍. വരികളില്‍ ആത്മനിഷ്ഠ വിചാരങ്ങളുടെ വേലിയേറ്റങ്ങളുണ്ട്. പഴയ കാലത്തിന്റെ, ഓര്‍മകളുടെ ഒഴുക്കുണ്ട്. ആ എഴുത്തിനോട് ചെവി ചേര്‍ത്തുവെച്ചാല്‍ കഥാപാത്രത്തിന്റെ ആത്മഭാഷണങ്ങളുടെ താളവും സംഘര്‍ഷങ്ങളുടെ മുറുക്കവും അതിലെ ഓരോ വരിയിലും കേള്‍ക്കാം.

കടവ് എന്ന സിനിമയുടെ ഹൈക്കുസൗന്ദര്യം വശ്യമായ കഥാപശ്ചാത്തലത്തേക്കാള്‍ അതിലെ ജീവിതത്തിനാണ്. ഓരോ വരിയിലും മഞ്ഞില്‍ കാല്‍പ്പനികതയുടെ ശീതകാറ്റുണ്ടായിരുന്നു. കാറ്റ് മുറിയിലേക്ക് ഇരച്ചെത്തി പരുങ്ങി നിന്നുവെന്ന് എംടി എഴുതിയത് അതുകൊണ്ടാണ്. എംടി തന്നെ മുഗ്ധമായി എഴുതിക്കൊണ്ടിരിക്കുകയോ സ്വയം മുഴുകുകയോ ചെയ്ത ആളാണ്. അതുകൊണ്ടാണ് കാലത്തില്‍, സേതുവിനോട് സുമിത്ര പറയുന്നത്, ''സേതുന്, എന്നും ഒരാളോട് മാത്രേ ഇഷ്ടംണ്ടായിരുന്നുള്ളൂ സേതൂനോട് മാത്രം!'' എന്ന്...

എംടിയന്‍ രചനാവഴിയിലുടനീളം സ്വന്തം വഴികളാണ് കഥാപാത്രത്തിന്റേതെങ്കില്‍ അത് കഥാകൃത്തിന്റെ ആത്മാംശമുള്ള വഴിയാണെന്ന് കാണാം. ''ഈശ്വരനുണ്ടോ എന്നു പറയാന്‍ ഞാനാളല്ല. പക്ഷേ, കൊടിക്കുന്നത്തു ഭഗവതി ഇല്ലെന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല.'' എന്ന് എംടി ഒരു പുരോഗമന സംഘടനയുടെ പ്രഭാഷണ പരിപാടിയില്‍ പറഞ്ഞതിലുണ്ട് അദ്ദേഹം നടന്ന വഴികളും മണ്ണും ഓര്‍മയും എത്രമേല്‍ ഉള്ളില്‍ ആവേശിച്ചിരിക്കുന്നുവെന്നറിയാന്‍.

താഴ്‌വാരം സിനിമയുടെ പരസ്യവാചകത്തില്‍ എംടി, ആ സിനിമയുടെ മൊത്തം കഥയെ ഒറ്റ വാചകത്തിലേക്ക് ഭംഗിയായി ചുരുക്കിയത് ഇങ്ങനെയാണ് - കൊല്ലാനവന്‍ ശ്രമിക്കും, ചാവാതിരിക്കാന്‍ ഞാനും.. ബന്ധം, അതിലെ വിള്ളലുകള്‍, കുടുംബഘടന, പശ്ചാത്തലം, ഉള്ളിന്റെയുള്ളിലെ ആര്‍ക്കും പിടികിട്ടാനിടയില്ലാത്ത ലോകങ്ങള്‍, ചിന്താസഞ്ചാരങ്ങള്‍, ഇതെല്ലാമാണ് എംടിയുടെ കഥയുടെ ഒസ്യത്ത്.. അങ്ങേയറ്റത്തെ ഭാവപരതയും നിഗൂഢസൗന്ദര്യവും ആ ഭാഷയ്ക്കുണ്ടായി. അതുകൊണ്ടാണ് നിന്റെ ഓര്‍മയ്ക്ക് എന്ന കഥയുടെ പേരും കഥയിലെ ആ സിംഹളപെണ്‍കുട്ടിയേയും ഇപ്പോഴും, വായിച്ചുകഴിഞ്ഞ് സംവത്സരങ്ങള്‍ പിന്നിട്ടിട്ടും വായനക്കാര്‍ ഓര്‍ത്തുവെക്കുന്നത്.

എല്ലാ ആദ്യകാല രചനകളിലും എവിടെപ്പോയാലും ഒരു പിന്മടക്കം എംടി കാത്തുവെച്ചിരുന്നു. കാലാന്തരത്തില്‍, ആ രചനകളില്‍ പിന്നീട് അതുമാറുന്നതും കണ്ടു. വരുംവരായ്കകളെ ഉള്‍ക്കൊള്ളുക അനിവാര്യനിശ്ചലത്വം കഥാപാത്രങ്ങളിലൂടെ എംടി പിന്നീട് സൃഷ്ടിച്ചു.

എംബോര്‍ഗോ പേജില്‍ സ്വന്തം ചരമക്കുറിപ്പ് കാണുന്ന രവിശങ്കറെന്ന ജേര്‍ണലിസ്റ്റാണ് എംടിയുടെ സുകൃതത്തിലെ മുഖ്യകഥാപാത്രം. രോഗാതുരതയില്‍ നിന്ന് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് അനാവശ്യമായിരുന്നു എന്ന തിരിച്ചറിവില്‍ അയാള്‍ വീണ്ടും മരണത്തിലേക്ക് നടന്നടുക്കുന്നു അതില്‍. ഇത്തരം ബന്ധാസംബന്ധങ്ങളും അര്‍ത്ഥശൂന്യമായ ജീവിതസന്ധികളും ഉടനീളം എംടിയുടെ രചനകളിലുണ്ട്.

അസുരവിത്തും കാലവും ഷെര്‍ലകും കഡുഗണ്ണാവയും വാരാണസിയും പാതിരാവും പകല്‍വെളിച്ചവും രണ്ടാമൂഴവുമെല്ലാം അത് വിളിച്ചുപറയുന്നുണ്ട്. അതിനാല്‍ എംടിയന്‍ രചനകളെ ഇങ്ങനെ സംഗ്രഹിക്കാം...

ഓര്‍മയുടെ പച്ചഞരമ്പില്‍ എഴുതിവെച്ച വാക്കിന്റെ ശിലാലിഖിതങ്ങളായിരുന്നു എംടിയുടെ ഓരോ എഴുത്തുകളും. അതിന് കാലവും വായനക്കാരുമാണ് സാക്ഷികള്‍. അവരിനിയും ആ ലിഖിതങ്ങളിലൂടെ പ്രയാണം ചെയ്തുകൊണ്ടേയിരിക്കും കല്‍പാന്തകാലത്തോളം...

SCROLL FOR NEXT