NEWSROOM

എംടി കാലം, കാഴ്ച ; കഥാകാരൻ്റെ സ്മരണയിൽ ഫോട്ടോ പ്രദർശനം ഒരുക്കി കോഴിക്കോട്

ചരിത്രത്തിന്റെ ഭാഗമായ ചിത്രങ്ങൾ, അതിൽ എം ടി യുടെ ജീവിതയാത്ര ആരംഭിച്ചത് മുതൽ അവസാനം വരെ വിവിധ ഭാവങ്ങളിൽ, രൂപങ്ങളിൽ ഇവിടെ കാണാം.

Author : ന്യൂസ് ഡെസ്ക്


എംടി വാസുദേവൻ നായരുടെ സ്മരണയിൽ ഫോട്ടോ പ്രദർശനം ഒരുക്കി കോഴിക്കോട്. എം ടി,കാലം,കാഴ്ച എന്ന പേരിൽ കോഴിക്കോട് ആർട് ഗാലറിയിലാണ് ഫോട്ടോ പ്രദർശനം. എം.ടിയുടെ നൂറിലധികം അപൂർവ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.


കഥകളും നോവലുകളും തിരക്കഥകളും മലയാളിക്ക് സമ്മാനിച്ച എം ടി വാസുദേവൻ നായരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ്, സീനിയർ ജേർണലിസ്‌റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'എം ടി കാലം, കാഴ്‌ച' ചിത്രപ്രദർശനം. ചരിത്രത്തിന്റെ ഭാഗമായ ചിത്രങ്ങൾ, അതിൽ എം ടി യുടെ ജീവിതയാത്ര ആരംഭിച്ചത് മുതൽ അവസാനം വരെ വിവിധ ഭാവങ്ങളിൽ, രൂപങ്ങളിൽ ഇവിടെ കാണാം.


പഴയ കാല കൂട്ടായ്മകളിലെ, എംടിയുടെ ചിത്രങ്ങൾ മുതൽ കഴിഞ്ഞ മാസം 26 നു മാവൂർ റോഡിലെ ശ്മശാനത്തിലേക്ക് എത്തിച്ച എംടിയുടെ മൃതദേഹം വരെയുള്ള ചിത്രങ്ങൾ പറയുന്നത് മലയാള സാഹിത്യത്തിൽ എംടിയെ അടയാളപ്പെടുത്തിയ കാലത്തെയാണ്.

എം ടിയുടെ ജീവിതം, സാഹിത്യം, സിനിമ, പോരാട്ടങ്ങൾ എന്നിവയെല്ലാം ചിത്രങ്ങളായി കാണാം. വൈക്കം മുഹമ്മദ് ബഷീർ, എൻ പി മുഹമ്മദ്, പുനത്തിൽ കുഞ്ഞബ്ദുള്ള, സുകുമാർ അഴിക്കോട്, ഒ എൻ വി കുറുപ്പ് തുടങ്ങി സാഹിത്യ, സാംസ്‌കാരിക മേഖലയിലെ മഹാരഥന്മാരുമായി എംടിക്കുണ്ടായിരുന്ന അടുപ്പവും കോഴിക്കോടിന്റെ സാംസ്കാരിക ലോകത്തും പോരാട്ടവീഥികളിലൂടെയുള്ള സഞ്ചാരവും ചിത്രങ്ങളിൽ നിറയുന്നു.



കേരളത്തിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ഫൊട്ടോഗ്രഫർമാർ ഉൾപ്പെടെ 35 പേർ പലപ്പോഴായി പകർത്തിയ 100 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. 4 പതിറ്റാണ്ടിലേറെ എംടിയെ പിന്തുടർന്ന മലയാള മനോരമ മുൻ ചീഫ് ഫോട്ടോഗ്രഫർ പി.മുസ്തഫയുടെ നേതൃത്വത്തിലാണ് പ്രദർശനം

SCROLL FOR NEXT