NEWSROOM

"ആരോഗ്യം വളരെ മോശം"; ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഡ ചെയർമാൻ കെ.മാരിഗൗഡ രാജിവച്ചു

കർണാടക ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെയാണ് രാജി

Author : ന്യൂസ് ഡെസ്ക്

മൈസൂരു അർബൻ ഡെവലപ്പ്മെൻ്റ് അതോറിറ്റി (മുഡ) ചെയർമാൻ കെ.മാരിഗൗഡ രാജി വച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ മുഡ ഭൂമി കുംഭകോണ ആരോപണങ്ങളിൽ സംസ്ഥാന-ഫെഡറൽ അന്വേഷണം നടക്കുന്നതിനിടെയാണ് ചെയർമാൻ്റെ രാജി.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ദീർഘകാല സഹപ്രവർത്തകനായിരുന്നു മാരിഗൗഡ. 1983 മുതൽ ഗൗഡ സിദ്ധരാമയ്യയോടൊപ്പം പ്രവർത്തിച്ചു. 1995-ൽ മൈസൂർ താലൂക്ക് പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഗൗഡ, 2000-ൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും എട്ട് വർഷത്തിന് ശേഷം ഉന്നത പദവിയിലേക്കും ഉയർത്തപ്പെട്ടു.

“ആരോഗ്യം മോശമാണ്. രണ്ട് തവണ പക്ഷാഘാതം ഉണ്ടായി, അതിനാൽ എനിക്ക് കൃത്യമായി ജോലി ചെയ്യാൻ കഴിയുന്നില്ല, ” മാരിഗൗഡ വ്യക്തമാക്കി. ബുധനാഴ്ച രാവിലെ ബെംഗളൂരുവിലെ നഗരവികസന പ്രിൻസിപ്പൽ സെക്രട്ടറിക്ക് രാജിക്കത്ത് സമർപ്പിക്കുന്നതിന് മുമ്പ് മാരിഗൗഡ സിദ്ധരാമയ്യയെ കണ്ടിരുന്നു. മാരിൗഗഡയുടെ രാജിയിൽ സിദ്ധരാമയ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതി, മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് മുഡ അഴിമതി ആരോപണം. പാർവതിക്ക് അവരുടെ സഹോദരൻ നൽകിയ ഭൂമി, മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിനു പകരമായി വിജയപുരയിൽ അവർക്ക് ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയേക്കാൾ വളരെ ഉയർന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ.

അതേസമയം സിദ്ധരാമയ്യക്കെതിരെ മുഡ കേസിൽ തെളിവുകൾ നശിപ്പിച്ചെന്നും പരാതി ഉയർന്നിട്ടുണ്ട്. മുഡ കേസിലെ പരാതിക്കാരിൽ ഒരാളായ പ്രദീപ് കുമാറാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് മുമ്പാകെ പരാതി സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ മകൻ യതീന്ദ്രയുടെയും പേരും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.

SCROLL FOR NEXT