വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടിക്ക് നേരത്തെ തന്നെ വേദിയിലെത്തി സീറ്റു പിടിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഞങ്ങൾ സദസിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് മുഹമ്മദ് റിയാസ് ബിജെപി സംസ്ഥാന പ്രസിഡൻ്റിനെ പരിഹസിച്ചത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി കെ.എൻ. ബാലഗോപാൽ, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവരോടൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് മുഹമ്മദ് റിയാസ് രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ചത്. രാജീവ് ചന്ദ്രശേഖറിന് ഉദ്ഘാടന വേദിയില്‍ ഇരിപ്പിടം ലഭിച്ചതിലാണ് റിയാസിന്റെ പരിഹാസ പോസ്റ്റ്.
റിയാസടക്കമുള്ള സംസ്ഥാനത്തെ ചില മന്ത്രിമാര്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദനും സദസിലാണ് സീറ്റ് ലഭിച്ചത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.എന്‍. വാസവന്‍, ജി.ആര്‍. അനില്‍, സജി ചെറിയാന്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നു. നരേന്ദ്ര മോദിക്കടക്കം 17 പേർക്കാണ് വേദിയിൽ ഇരിപ്പിടം ഒരുക്കിയിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വേദിയിൽ ഇരിപ്പിടം അനുവദിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവ് ചടങ്ങിൽ നിന്നും വിട്ടു നിന്നു.
അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. സൈനിക ഹെലികോപ്റ്ററില്‍ വിഴിഞ്ഞത്ത് എത്തിച്ചേർന്ന പ്രധാനമന്ത്രി തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. തുടർന്ന് രാവിലെ തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേക വേദിയിൽ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വി.എൻ. വാസവൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, സജി ചെറിയാൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹിം, എം.വിൻസന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി എന്നിവരാണ് ചടങ്ങില്‍ സംസാരിച്ചത്.