തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പൂരം കുളമാക്കിയത് സംബന്ധിച്ച എഡിജിപി റിപ്പോർട്ടിനെ കുറിച്ച് അറിയില്ല. മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടിനകത്ത് തെറ്റായ നടപടികൾ ഉണ്ടായിട്ടുണ്ടെന്നു കണ്ടെത്തിയാൽ ശക്തമായ നിലപാട് സ്വീകരിക്കും. അതാണ് എൽഡിഎഫ് സർക്കാരിന്റെ നയമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തൃശൂരിലെ കോൺഗ്രസ് തോൽവി സംബന്ധിച്ച കെപിസിസി റിപ്പോർട്ട് എന്താണ് പുറത്തുവിടാത്തത്. അതിനെക്കുറിച്ച് എന്താണ് മാധ്യമങ്ങൾ ചർച്ച ചെയ്യാത്തത് എന്നും അദ്ദേഹം ചോദിച്ചു.
പൂരം കലക്കൽ വിവാദത്തിൽ സിറ്റി പൊലീസ് കമ്മീഷണറെ മാത്രം കുറ്റപ്പെടുത്തിയായിരുന്നു അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്. പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ല. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ല എന്നും റിപ്പോർട്ടിൽ പറയുന്നു. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റി. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. പരിചയക്കുറവാണ് വീഴ്ചയായെതെന്നും റിപ്പോർട്ട്.
റിപ്പോർട്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിനും കൈമാറി. പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് എഡിജിപി എം.ആർ. അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയത്. റിപ്പോർട്ട് ഉടനെ നൽകണമെന്ന നിർദേശത്തെത്തുടർന്നായിരുന്നു ഇത്. തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 24ന് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ അന്ത്യശാസനമുണ്ടായിരുന്നു. പിന്നാലെയാണ് എഡിജിപിയുടെ റിപ്പോർട്ട് എത്തിയത്.