മുഹമ്മദ് റിയാസ് 
NEWSROOM

അർജുനായുള്ള ദൗത്യം തുടരും, പ്രതികൂല കാലാവസ്ഥയിൽ ചെയ്യാവുന്ന പുതിയ മാർഗങ്ങൾ തേടും: മുഹമ്മദ് റിയാസ്

ഐബോഡ് സംഘം വണ്ടിയുടെ കൃത്യമായ ചിത്രം നൽകിയിട്ടുണ്ടെന്ന് കാൻവാർ എംഎൽഎ സതീഷ് സെയിൻ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

അർജുനെ കണ്ടെത്താനായി എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് ഷിരൂർ സന്ദർശിച്ച ശേഷം ഉറപ്പ് നൽകി മന്ത്രി മുഹമ്മദ് റിയാസ്. പ്രതികൂല കാലാവസ്ഥയിൽ ചെയ്യാവുന്ന എല്ലാ പുതിയ മാർഗങ്ങളും തേടും. കൂട്ടായി നിന്ന് എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.

നാവികസേനയുടെ മുങ്ങൽ വിദഗ്ധർ നദിയിലിറങ്ങി പരിശോധന നടത്തുന്നതിന് പരിമിതികളുണ്ട്. അവരുടെ നിലപാടും യോഗത്തിൽ ചർച്ച ചെയ്യും. സാധ്യമാകുന്ന പുതിയ മാർഗങ്ങൾ സ്വീകരിച്ച് അർജുനെ വേഗം കണ്ടെത്തണമെന്നാണ് സർക്കാരിൻ്റെ നിലപാടെന്നും അത് യോഗത്തിൽ അറിയിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

അതേസമയം,അർജുനായുള്ള രക്ഷാദൗത്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കൻവാർ എംഎൽഎ സതീഷ് സെയിൻ പറഞ്ഞു. ഐബോഡ് സംഘം വണ്ടിയുടെ കൃത്യമായ ചിത്രം നൽകിയിട്ടുണ്ട്. എന്നാൽ മനുഷ്യ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ഗോവയിൽ നിന്ന് ഡ്രെഡ്ജർ കൊണ്ടുവരുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഫ്ലോട്ടിങ് പോൻടൂൻ രീതി അവംലബിക്കാനാണ് ശ്രമമെന്നും എംഎൽഎ വ്യക്തമാക്കി.

അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിവസവും തുടരുകയാണ്. ഇന്ന് വൈകിട്ടോടെ ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ട്രക്ക് പ്രൊഫൈൽ സംശയിക്കുന്ന പുതിയ സിഗ്നൽ ലഭിച്ചിരുന്നു. പ്രദേശവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക് സമീപമായാണ് സിഗ്നൽ ലഭിച്ചത്. സ്കൂബ ഡൈവേഴ്‌സ് മൺകൂന കേന്ദ്രീകരിച്ച് പരിശോധന നടത്തും. ഇന്നലെ ഐ ബോഡ് നടത്തിയ പത്ത് പരിശോധനയിലും ലഭിക്കാത്ത സിഗ്നൽ ആണ് ഇന്ന് ലഭിച്ചത്.

SCROLL FOR NEXT