ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർഥികളെ പ്രശംസിച്ച് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള വിപ്ലവം കാരണം സർക്കാർ മുഴുവൻ തകർന്നെന്നും ഇതിൽ വിദ്യാർഥികളെ പ്രശംസിക്കുന്നെന്നും മുഹമ്മദ് യൂനസ് പറഞ്ഞു. ഞായറാഴ്ച രാത്രി വിദ്യാർഥികളുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമായിരുന്നു യൂനസിൻ്റെ പ്രസ്താവന.
"ഞാൻ വിദ്യാർഥികളോട് പറഞ്ഞു, ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. തികച്ചും സമാനതകളില്ലാത്ത പ്രവൃത്തിയാണ് നിങ്ങൾ ചെയ്തത്,"
വിദ്യാർത്ഥികളുമായി നടത്തിയ സംഭാഷണത്തിൻ്റെ ഒരു ഭാഗം വിവരിച്ചുകൊണ്ട് യൂനുസ് പറഞ്ഞു. ഒപ്പം ഷെയ്ഖ് ഹസീനയുടെ ഭരണം സ്വേച്ഛാധിപത്യപരമായിരുന്നെന്നും യൂനസ് പറഞ്ഞു. പ്രതിഷേധങ്ങൾക്ക് പിന്നാലെ ഒരു രാക്ഷസി ഇല്ലാതായെന്നായിരുന്നു യൂനസിൻ്റെ പ്രസ്താവന. പൊതുജനത്തിൽ നിന്നും പ്രതിഷേധങ്ങൾ ഉയരുമെന്നും അവർക്ക് ബുദ്ധിമുട്ടുള്ള നിരവധി തീരുമാനങ്ങൾ നേരിടേണ്ടിവരുമെന്നും യൂനുസ് ഇടക്കാല സർക്കാരിന് മുന്നറിയിപ്പ് നൽകി.
അതേസമയം ഉദ്യോഗസ്ഥരില്‍ അവാമി ലീഗിനോട് കൂറുള്ളവരെ പുറത്താക്കി പുതിയ നിയമനങ്ങള്‍ നടത്തിവരികയാണ് മുഹമ്മദ് യൂനസ് മുഖ്യ ഉപദേഷ്ടാവായ ഇടക്കാല സര്‍ക്കാര്‍. ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ഒബൈദുള്‍ ഹസന്‍ രാജിവെച്ചു. സയ്യിദ് റഫാത്ത് അഹമ്മദ് ആണ് ബംഗ്ലാദേശിന്‍റെ പുതിയ ചീഫ് ജസ്റ്റിസ്. രാജ്യത്തെ 25-ാം ചീഫ് ജസ്റ്റിസാണ് സയ്യിദ് റഫാത്ത്. ബംഗ്ലാദേശ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ സയ്യിദ് റഫാത്ത് അഹമ്മദ്, പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീനു മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.
17 വർഷങ്ങൾക്കു ശേഷമാണ് ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരത്തിലേറുന്നത്. മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ ഇടക്കാല സർക്കാരിൽ രാഷ്ട്രീയ പ്രതിനിധികളില്ലെന്നത് ശ്രദ്ധേയമാണ്. വിദ്യാർഥി, സൈനിക പ്രതിനിധികളും, സാമൂഹിക മനുഷ്യവകാശ പ്രവർത്തകരുമാണ് ഇടക്കാല സർക്കാരിലുള്ളത്. 16 അംഗങ്ങളാണ് ഉപദേശക സമിതിയിലുള്ളത്.