NEWSROOM

ഇന്ത്യൻ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രത്തിൽ കൊമ്പുകോർക്കാനൊരുങ്ങി കോടീശ്വരൻമാർ

ഇന്ത്യയുടെ സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സർവീസ് മാർക്കറ്റ് 2030ഓടെ 190 കോടി ഡോളറിലെത്തുമെന്നാണ് ഡിലോയിറ്റിൻ്റെ പ്രവചനം

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രത്തിൽ കൊമ്പുകോർക്കുകയാണ് കോടീശ്വരൻമാർ. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ മുകേഷ് അംബാനിയും ശതകോടീശ്വരൻ എലോൺ മസ്കുമാണ് സ്പെക്ട്രത്തിൽ പരസ്പരം പോരിനെത്തുന്നത്. ഇന്ത്യൻ സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രത്തിൻ്റെ ഭാവിയിലെ വളർച്ചയുടെ പ്രവചനങ്ങൾ പുറത്തുവന്നതോടെയാണ് ഇന്ത്യൻ നിയമത്തെ വ്യാഖ്യാനിച്ച് പോർക്കളം ഒരുങ്ങിയത്.

സ്പ്രെക്ട്രത്തിനായി ആഗോള ഭീമൻമാരാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിക്കൊപ്പം മത്സര രംഗത്തുള്ളത്. എലോൺ മസ്കിൻ്റെ സ്റ്റാർലിങ്കും, ആമസോണിൻ്റെ സംരംഭമായ പ്രൊജക്ട് കൈപ്പറുമാണ് ഇന്ത്യൻ സാറ്റലൈറ്റ് സ്പെക്ട്രത്തിൽ ഉദ്യോഗസ്ഥ തലത്തിൽ അനുവദിക്കുന്ന രീതി നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ലേലത്തിലൂടെ സ്പെക്ട്രം അനുവദിക്കണമെന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമയായ മുകേഷ് അംബാനിയുടെ ആവശ്യം.


സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രത്തിൽ ലേലം അനുവദിക്കണമെന്നും എല്ലാം പുതുതായി വീണ്ടും ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് റിലയൻസ് ട്രായ്ക്ക് കത്തെഴുതി. ഒക്ടോബർ പത്തിനാണ് റിലയൻസ് കത്ത് അയച്ചതെന്നാണ് റിപ്പോർട്ട്. നിലവിൽ ട്രായ് വിഷയത്തിൽ പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ്. ട്രായിയുടെ തീരുമാനം കൂടി പരിഗണിച്ചായിരിക്കും സർക്കാർ അന്തിമ തീരുമാനം എടുക്കുക.

ഇന്ത്യയുടെ സാറ്റ‌ലൈറ്റ് ബ്രോഡ്ബാൻഡ് സർവീസ് മാർക്കറ്റ് 2030 ഓടെ 190 കോടി ഡോളറിലെത്തുമെന്നാണ് ഡിലോയിറ്റിൻ്റെ പ്രവചനം. ബ്രോഡ്ബാൻഡ് സർവീസ് മാർക്കറ്റിൽ 36 ശതമാനത്തിൻ്റെ വളർച്ചയും ഡെലോയിറ്റ് പ്രവചിക്കുന്നുണ്ട്. സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് എലോൺ മസ്ക്. ഏറ്റവും കൂടുതൽ ഇൻ്റർനെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യ മസ്കിന് വലിയൊരു വിപണിയാണ്. അതിനാൽ തന്നെ ആഗോള രീതി അനുസരിച്ച് അലോക്കേഷൻ നടപ്പാക്കണമെന്നാണ് മസ്കിൻ്റെ ആവശ്യം. എന്നാൽ ലേലത്തിലൂടെ എല്ലാവർക്കും ഒരേ അവസരം ഉറപ്പാക്കാമെന്നാണ് അംബാനിയുടെ നയം.

SCROLL FOR NEXT