NEWSROOM

'ഗര്‍ഭിണിയായിരിക്കെ വയറ്റില്‍ ചവിട്ടി, തലമുടിയില്‍ പിടിച്ച് വലിച്ചിഴച്ചു'; മുകേഷിനെതിരായ സരിതയുടെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യാവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍. മുന്‍ മാധ്യമപ്രവര്‍ത്തകയും നിലവില്‍ മന്ത്രിയുമായ വീണാ ജോര്‍ജായിരുന്നു അവതാരക

Author : ന്യൂസ് ഡെസ്ക്


നടനും എംഎല്‍എയുമായ മുകേഷിനെതിരെ മുന്‍ ഭാര്യയും നടിയുമായ സരിത നടത്തിയ വെളിപ്പെടുത്തലുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. മുകേഷില്‍നിന്ന് കൊടിയ ഗാര്‍ഹിക പീഡനങ്ങളേറ്റിരുന്നുവെന്ന സരിതയുടെ പഴയ അഭിമുഖമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യാവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍. മുന്‍ മാധ്യമപ്രവര്‍ത്തകയും നിലവില്‍ മന്ത്രിയുമായ വീണാ ജോര്‍ജായിരുന്നു അവതാരക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മുകേഷിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സരിതയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

വിവാഹമോചനം നേടുന്നതിന് മുന്‍പ് മുകേഷില്‍ നിന്ന് ക്രൂര പീഡനം നേരിട്ടുവെന്നായിരുന്നു അന്ന് സരിതയുടെ വെളിപ്പെടുത്തല്‍. പൂര്‍ണ ഗര്‍ഭിണിയായിരിക്കെ വയറ്റില്‍ ശക്തിയായി ചവിട്ടി. കാറില്‍ കയറുന്നതിനിടെ അപായപ്പെടുത്താന്‍ ശ്രമിച്ചു. രാത്രികാലങ്ങളില്‍ മദ്യപിച്ചശേഷം മര്‍ദിച്ചിരുന്നു, തലമുടിയില്‍ പിടിച്ച് വലിച്ചിഴച്ചു. ഇത്തരത്തില്‍ പല ശാരീരിക ഉപദ്രവങ്ങള്‍ക്കും ഇരയാക്കി. ഗാര്‍ഹിക പീഡനത്തിനും വിവാഹ മോചനത്തിനും കേസ് കൊടുത്തപ്പോള്‍, ഗാര്‍ഹിക പീഡന പരാതി പിന്‍വലിച്ചാല്‍ ഉഭയസമ്മതപ്രകാരം വിവാഹമോചിതരാകാമെന്ന് മുകേഷ് പറഞ്ഞു. എന്നാല്‍ കേസ് വിളിക്കുമ്പോള്‍ പലതവണ മുകേഷ് കോടതിയില്‍ ഹാജരായിരുന്നില്ല. ഭര്‍തൃപിതാവിനെ ഓര്‍ത്താണ് പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നത്. തന്‍റെ നിശബ്ദത പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും സരിത അഭിമുഖത്തില്‍ പറയുന്നു.

കോടീശ്വരന്‍ പരിപാടിയുടെ ചിത്രീകരണത്തിനായി എത്തിയപ്പോള്‍ മുകേഷ് അപമര്യാദമായി പെരുമാറിയെന്ന് ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. പിന്നാലെ, മുകേഷ് അടക്കമുള്ള ഏഴ് സിനിമാക്കാര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് നടി മിനു മുനീറും രംഗത്തെത്തിയിട്ടുണ്ട്.

SCROLL FOR NEXT