സംസ്ഥാന സര്‍ക്കാരിന്റെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷ് ഒഴിഞ്ഞേക്കും. ഇതുസംബന്ധിച്ച് പാര്‍ട്ടി നിര്‍ദേശം നല്‍കിയെന്നും സൂചനയുണ്ട്.
നടനെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സ്വയം ഒഴിയാനുള്ള നീക്കം. അതേസമയം മുകേഷിന്റെ അംഗത്വം ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ നിര്‍ദേശത്തിന് കാത്തിരിക്കുകയാണെന്നായിരുന്നു സിമിതി അധ്യക്ഷന്‍ ഷാജി എന്‍. കരുണ്‍ പ്രതികരിച്ചത്.
സ്വയം മാറി നില്‍ക്കണോ എന്ന കാര്യത്തില്‍ മുകേഷ് തന്നെ തീരുമാനമെടുക്കട്ടെയെന്നും ഇക്കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍. രാജിയുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വം ഇതുവരെ ഒന്നും പ്രതികരിച്ചിട്ടുമില്ല.
അതേസമയം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് മുകേഷ് പ്രതികരിച്ചത്. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും, എങ്കില്‍ മാത്രമേ പൊതുസമൂഹം ചര്‍ച്ച ചെയ്തുവരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരികയുളളു എന്നുമായിരുന്നു മുകേഷ് തനിക്കെതിരായ ആരോപണം തള്ളിക്കൊണ്ട് പറഞ്ഞത്.