NEWSROOM

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂല സാഹചര്യം; കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോണ്‍ഗ്രസില്‍ തരൂര്‍ വിഷയം ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണ്. കോണ്‍ഗ്രസില്‍ ആശയകുഴപ്പമുണ്ടാക്കാനുള്ള തന്ത്രമാണ് ഉണ്ടാക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


സംസ്ഥാനത്ത് ഭരണ തുടര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തരൂര്‍ വിഷയം ഉയര്‍ത്തിക്കൊണ്ട് വന്ന് കോണ്‍ഗ്രസില്‍ ആശയകുഴപ്പമുണ്ടാക്കാനുള്ള തന്ത്രമാണ് സിപിഐഎമ്മിന്റേത്. കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി പോകുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

'ഭരണ തുടര്‍ച്ചയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം തന്നെയാണ് കേരളത്തിലുള്ളത്. കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നാണ് എന്റെ ആത്മവിശ്വാസം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വരാനുള്ള എല്ലാ സാഹചര്യങ്ങളും പരിപൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസ് രംഗത്ത് വരും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതിനെ എല്ലാം താല്‍ക്കാലികമായുള്ള ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാത്രമേ കാണുന്നുള്ളു,' മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയും. കോണ്‍ഗ്രസില്‍ തരൂര്‍ വിഷയം ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണ്. കോണ്‍ഗ്രസില്‍ ആശയകുഴപ്പമുണ്ടാക്കാനുള്ള തന്ത്രമാണ് ഉണ്ടാക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

നേരത്തെ ശശി തരൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനം വിവാദമായിരുന്നു. ലേഖനം വിവാദമായതിന് പിന്നാലെ ഇന്ത്യന്‍ എക്‌സ്പ്രസ് പോഡ്കാസ്റ്റില്‍ തരൂര്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വിവാദമായി. എന്നാല്‍ വിവാദ പരാമര്‍ശങ്ങളില്‍ ശശി തരൂരിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. വിവാദങ്ങളെ അവഗണിക്കാനും നേതാക്കള്‍ കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നും തീരുമാനമായി.

കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു നേതാവിന്റെ അഭാവമുണ്ടെന്നും പാര്‍ട്ടിക്ക് തന്നെ ഉപയോഗിക്കണമെങ്കില്‍ ഒപ്പമുണ്ടാകുമെന്നും അല്ലെങ്കില്‍ തന്റെ മുന്നില്‍ വേറെ വഴികളുണ്ടെന്നുമായിരുന്നു തരൂര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വര്‍ത്തമാനം എന്ന മലയാളം പോഡ്കാസ്റ്റിലായിരുന്നു തരൂരിന്റെ പ്രതികരണം. പിന്നാലെ തരൂരിന്റെ പേര് പരാമര്‍ശിച്ചും പരാമര്‍ശിക്കാതെയും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു.

SCROLL FOR NEXT