മുംബൈ വര്‍ളിയില്‍ അമിത വേഗതയില്‍ എത്തിയ ബിഎംഡബ്ല്യു കാറിടിച്ച് സ്ത്രീ സംഭവത്തിലെ പ്രതി മിഹിര്‍ ഷാ ഒളിവിലാണെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം നേതാവിന്‍റെ മകന്‍ മിഹിറിന്‍റെ വാഹനം ഇടിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന 45 വയസുകാരി മരിച്ചത്. ആറംഗ പൊലീസ് സംഘത്തിന്‍റെ അന്വേഷണത്തില്‍ മിഹിറാണ് വാഹനം ഓടിച്ചിരുന്നതെന്ന് തെളിഞ്ഞിരുന്നു. അപകടത്തില്‍ കാവേരി നഖ്‌വ മരിക്കുകയും ഭര്‍ത്താവ് പ്രദീപിന് പരുക്ക് പറ്റുകയും ചെയ്തു.
മഹാരാഷ്ട്രയിലെ പാല്‍ഗാര്‍ ജില്ലയിലെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ഉപനേതാവായ രാജേഷ് ഷായുടെ മകനാണ് മിഹിര്‍ ഷാ. രാജേഷ് ഷായെയും മിഹിറിന്‍റെ ഡ്രൈവര്‍ രാജ്റുഷി ബിദാവതിനേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. അപകടവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. പൊലീസുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് രാജേഷ് ഷായുടെ അറസ്റ്റെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
മിഹിര്‍ ഷായുടെ പേരില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം മിഹിറിന്‍റെ ഫോണ്‍ സ്വിച്ച് ഓഫാണ്.
ജൂഹുവിലെ ബാറില്‍ നിന്നും മദ്യപിച്ച ശേഷം തിരികെ പോകുന്നതിനിടെ വര്‍ളിയിലെത്തിപ്പോള്‍ മിഹിര്‍ കാര്‍ ഓടിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും കാറിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു.
അപകടത്തില്‍ മരിച്ച കാവേരി നഖ്‌വയും ഭര്‍ത്താവ് പ്രദീപ് നഖ്‌വയും മീന്‍ വാങ്ങുന്നതിനായി സസൂണ്‍ ഡോക്കിലേക്ക് പോയി തിരിച്ച് വരുന്ന വഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ച് കാറിന്‍റെ ബോണറ്റിലേക്ക് വീണു. അമിത വേഗതയിലായിരുന്ന കാര്‍ കുറച്ചു ദൂരം കാവേരിയെ റോഡിലൂടെ വലിച്ചിഴച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്നും കാര്‍ നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. കാവേരിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.