ഹിറ്റ്മാനും സ്കൈയും മിന്നിത്തിളങ്ങിയ സൂപ്പർ സൺഡേയിലെ എൽ ക്ലാസിക്കോ പോരിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ 9 വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസിൻ്റെ മാസ്സ് ഷോ. ചെന്നൈ ഉയർത്തിയ 177 റൺസിൻ്റെ വിജയലക്ഷ്യം 15.4 ഓവറിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. ടൂർണമെൻ്റിൽ ഇതാദ്യമായി രോഹിത് ശർമയും (76) സൂര്യകുമാർ യാദവും (68) അർധസെഞ്ച്വറികളുമായി തിളങ്ങിയപ്പോൾ അനായാസമായിരുന്നു മുംബൈയുടെ റൺചേസ്.
മുംബൈ ഇന്ത്യൻസിന് മുന്നിൽ 177 റൺസിൻ്റെ വിജയലക്ഷ്യമാണ് ചെന്നൈ സൂപ്പർ കിങ്സ് മുന്നോട്ടുവെച്ചത്. ശിവം ദുബെയുടെയും രവീന്ദ്ര ജഡേജയുടെയും അർധസെഞ്ച്വറികളുടെ കരുത്തിലാണ് ചെന്നൈ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.
നേരത്തെ ടോസ് നേടിയ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രചിൻ രവീന്ദ്ര (5) വേഗം പുറത്തായെങ്കിലും ആയുഷ് മാത്രെ ചെന്നൈയ്ക്ക് പ്രതീക്ഷിച്ച തുടക്കമാണ് സമ്മാനിച്ചത്. രണ്ടും സിക്സും നാലും ഫോറുകളും സഹിതമാണ് 17കാരനായ യുവതാരം 32 റൺസ് വാരിയത്.
ശിവം ദുബെ (32 പന്തിൽ 50), രവീന്ദ്ര ജഡേജ (35 പന്തിൽ 53), ആയുഷ് മാത്രെ (15 പന്തിൽ 32), ഷെയ്ഖ് റഷീദ് (19) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ചെന്നൈ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തത്. മുംബൈയ്ക്കായി ബുംറ രണ്ട് വിക്കറ്റെടുത്തു.