ഉത്തർപ്രദേശ് സ്വദേശിയായ ബിസിനസുകാരനും സാമൂഹിക പ്രവർത്തകനുമായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയ്ക്കും അമ്മായിക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി മുംബൈ പൊലീസ്. മുംബൈയിൽ എത്തി വൈൽ പാർലെയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് ദിവസം താമസിച്ച ശേഷമായിരുന്നു മാർച്ച് 3 ന് ഇയാൾ ജീവനൊടുക്കിയത്.
അന്വേഷണ ഉദ്യോഗസ്ഥർ അദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ പരിശോധിച്ചിരുന്നു. ഭാര്യയും അമ്മായിയുമാണ് മരണത്തിന് ഉത്തരവാദികളെന്ന് എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ബിസിനസിൽ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും കുടുംബ തർക്കം നേരിടുന്നുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. മരിച്ചയാളുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 108 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മരിച്ചയാളുടെ ഭാര്യയുടെയും ഭർതൃവീട്ടുകാരുടെയും മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, മകൻ്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മരിച്ചയാളുടെ അമ്മ വൈകാരിക കുറിപ്പ് എഴുതിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. "തൻ്റെ ജീവിതം ഇപ്പോൾ അവസാനിച്ചു. നിങ്ങൾ എന്നെ ഒരു ജീവനുള്ള വ്യക്തിയായിട്ടാണ് കാണുന്നത്, പക്ഷേ സത്യത്തിൽ ഞാൻ മരിച്ചു", എന്നാണ് അമ്മ കുറുപ്പെഴുതിയത്. "തൻ്റെ മകനായിരുന്നു എൻ്റെ അന്ത്യ കർമങ്ങൾ ചെയ്യേണ്ടിയിരുന്നത്. എന്നാൽ എനിക്ക് ഇന്ന് എൻ്റെ മകൻ്റെ അന്ത്യകർമങ്ങൾ ചെയ്യേണ്ടിവന്നു", അവർ കൂട്ടിച്ചേർത്തു.
തൻ്റെ കമ്പനിയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത ആത്മഹത്യാക്കുറിപ്പിൽ, ഭാര്യയോടുള്ള തൻ്റെ സ്നേഹം പ്രകടിപ്പിക്കുകയും, അതോടൊപ്പം തൻ്റെ മരണത്തിന് ഉത്തരവാദികളായ ഭാര്യയെയും അവളുടെ അമ്മായിയെയും കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. "നീ ഇത് വായിക്കുമ്പോഴേക്കും ഞാൻ മരിക്കും. എൻ്റെ അവസാന നിമിഷങ്ങളിൽ, സംഭവിച്ചതെല്ലാം ഓർത്ത് എനിക്ക് നിന്നെ വെറുക്കാമായിരുന്നു. പക്ഷേ ഞാൻ അങ്ങനെ ചെയ്യുന്നില്ല. ഈ നിമിഷത്തിലും ഞാൻ നിന്നെ സ്നേഹിക്കുന്നു. അന്ന് ഞാൻ നിന്നെ സ്നേഹിച്ചു. ഇപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ വാഗ്ദാനം ചെയ്തതുപോലെ, അത് ഒരിക്കലും മങ്ങാൻ പോകുന്നില്ല," അദ്ദേഹത്തിൻ്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. "എൻ്റെ മരണത്തിന് ഉത്തരവാദികൾ ആരാണെന്ന് എൻ്റെ അമ്മയ്ക്ക് അറിയാം. അതിനാൽ ഇപ്പോൾ നിങ്ങൾ എൻ്റെ നിങ്ങൾ കാണാൻ പോകരുതെന്ന് ഞാൻ അപേക്ഷിക്കുന്നു. അവർ സമാധാനത്തോടെ ദുഃഖിക്കട്ടെ"എന്നും അയാൾ ആത്മഹത്യാ കുറിപ്പിൽ കുറിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.ടോള്‍ ഫ്രീ നമ്പര്‍:Toll free helpline number: 1056, 0471-2552056)