മഴയിൽ മുങ്ങിയ മുംബൈ നഗരം 
NEWSROOM

മുംബൈയിൽ വരും ദിവസങ്ങളിലും മഴ; താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം, മഴക്കെടുതിയിൽ 6 മരണം

ജൂലൈ 26, 27, 28 തീയതികളിൽ നഗരത്തിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

വരും ദിവസങ്ങളിലും മുംബൈയിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂലൈ 26, 27, 28 തീയതികളിൽ നഗരത്തിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ പെയ്ത കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് മഹാരാഷ്ട്രയില്‍ റിപ്പോർട്ട് ചെയ്തത്. മഴക്കെടുതിയിൽ ഇതുവരെ ആറു പേർ മരിക്കുകയും, 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പൂനെ, മുംബൈ, പാൽഘർ, താനെ, റായ്ഗഡ് എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.

നഗരത്തിലെ പ്രളയസമാനമായ അവസ്ഥയെ തുടർന്ന് ഇതുവരെ 3,000 പേരെയാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത്. അഗ്നിശമന സേനയ്ക്ക് ഒപ്പം എന്‍ഡിആർഎഫ് സംഘവും മേഖലയില്‍ പ്രളയസാഹചര്യത്തെ നേരിടാന്‍ സജ്ജമായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം പ്രളയമുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ അനാവശ്യ യാത്രകളൊഴിവാക്കാനും പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ ആരംഭിച്ച മഴയില്‍ രാജ്യതലസ്ഥാനമായ ഡൽഹിയുടെ നഗരകേന്ദങ്ങളും നോയിഡ, ഗാസിയാബാദ് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടു മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സെൻട്രൽ ഡൽഹിയിലെ മിൻ്റോ റോഡ് വെട്ടിപ്പൊളിച്ചാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. യെല്ലോ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഡല്‍ഹിയില്‍ അടുത്ത രണ്ടു ദിവസം കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

SCROLL FOR NEXT