NEWSROOM

സയ്യിദ് മുഷ്താഖ് അലി ടി20 കിരീടം മുംബൈയ്ക്ക്; പരമ്പരയുടെ താരമായി അജിൻക്യ രഹാനെ

36 റൺസും ഒരു വിക്കറ്റും നേടിയ ഓൾറൗണ്ടർ സൂര്യാംശ് ഷെഡ്‌ഗെയാണ് ഫൈനലിലെ പ്ലേയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്


രജത് പടിദാറിൻ്റെ തകർപ്പൻ ഇന്നിങ്സിനും മധ്യപ്രദേശിനെ രക്ഷിക്കാനായില്ല. സയ്യിദ് മുഷ്താഖ് അലി ടി20 കിരീടം ശ്രേയസ് അയ്യരുടേയും അജിൻക്യ രഹാനെയുടെയും മുംബൈയ്ക്ക്. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന കലാശപ്പോരാട്ടത്തിൽ മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് തുടർച്ചയായ രണ്ടാവട്ടവും മുംബൈ കിരീടത്തിൽ മുത്തമിട്ടത്. സ്കോർ,  മധ്യപ്രദേശ് 174/8 (20), മുംബൈ 180/5 (17.5).

തുടർച്ചയായ രണ്ടാം തവണയാണ് മുംബൈ ജേതാക്കളാകുന്നത്. 2022-23 സീസണിലും മുംബൈ ജേതാക്കളായിരുന്നു. ടൂർണമെൻ്റിൽ 469 റൺസുമായി അമ്പരപ്പിക്കുന്ന റൺവേട്ട നടത്തിയ അജിൻക്യ രഹാനെയാണ് പരമ്പരയിലെ താരം. 36 റൺസും ഒരു വിക്കറ്റും നേടിയ ഓൾറൗണ്ടർ സൂര്യാംശ് ഷെഡ്‌ഗെയാണ് ഫൈനലിലെ പ്ലേയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. ടോസ് നേടിയ മുംബൈ നായകൻ ശ്രേയസ് അയ്യർ മധ്യപ്രദേശിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ക്യാപ്റ്റന്‍ രജത് പടിദാർ (40 പന്തില്‍ പുറത്താവാതെ 81) പുറത്തെടുത്ത വെടിക്കെട്ട് ഇന്നിങ്സാണ് മധ്യപ്രദേശിനെ മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്. ഐപിഎല്ലില്‍ ആർസിബി താരമായ രജത് ചിന്നസ്വാമിയിലെ പരിചിതമായ പിച്ചിൻ്റെ ആനുകൂല്യം ശരിക്കും മുതലാക്കി. ശുഭ്രാംശു സേനാപതി (23), വെങ്കടേഷ് അയ്യര്‍ (17) എന്നിവർക്കും കാര്യമായി തിളങ്ങാനായില്ല. മുംബൈയ്ക്ക് വേണ്ടി ഷര്‍ദുല്‍ താക്കൂര്‍, റോയ്‌സറ്റണ്‍ ഡയസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടിയായി സൂര്യകുമാർ യാദവ് (48), സൂര്യാംശ് ഷെഡ്‌ഗെ (36), അജിൻക്യ രഹാനെ (37) എന്നിവരുടെ ബാറ്റിങ് മികവിൽ മുംബൈ അനായാസം ലക്ഷ്യം കണ്ടു. മധ്യപ്രദേശിനായി ത്രിപുരേഷ് സിങ് രണ്ട് വിക്കറ്റെടുത്തു.

SCROLL FOR NEXT