NEWSROOM

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: 417 കുടുംബങ്ങളുടെ അന്തിമ പട്ടിക സർക്കാരിന് സമർപ്പിച്ചു

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് സർക്കാരിന് പട്ടിക സമർപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

മുണ്ടക്കൈ - ചൂരൽമല മേഖലയിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമ പട്ടിക സർക്കാരിന് സമർപ്പിച്ചു. 417 കുടുംബങ്ങളാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് സർക്കാരിന് പട്ടിക നൽകിയത്.

255 കുടുംബങ്ങളാണ് ആദ്യ ഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഫേസ് 2 എ യിൽ 89 കുടുംബങ്ങൾ. ഫേസ് 2 ബിയിൽ 73 കുടുംബങ്ങൾ. മുണ്ടക്കൈ പ്രദേശത്തെ 17 കുടുംബങ്ങളെ കൂടി അധികമായി പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. പട്ടികയുമായി ബന്ധപ്പെട്ട നൂറിലധികം അപ്പീലുകളും സർക്കാർ പരിശോധനയ്ക്ക് വിട്ടു. പടവെട്ടിക്കുന്നും റാട്ടപാടിയും അട്ടമലയും പട്ടികയിലില്ല.


വയനാട് പുനരധിവാസത്തിന്റെ ഭാഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പിനായി തെരഞ്ഞെടുത്തിരുന്നത്. കല്‍പ്പറ്റയിലെ എസ്റ്റേറ്റില്‍ അഞ്ച് സെന്റിലും നെടുമ്പാലയിലെ ടൗണ്‍ഷിപ്പില്‍ 10 സെന്റിലുമായിരിക്കും ഭവന നിർമാണം എന്നാണ് ആദ്യം അറിയിച്ചത്. നിയമപ്രശ്നങ്ങൾ കാരണം രണ്ട് എസ്റ്റേറ്റുകളിലായി പുനരധിവാസ പ്രവർത്തനം ആരംഭിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പ് കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലാണ് സജ്ജമാകുക. ഈ മാസം 27നാണ് ടൗൺഷിപ്പ് നിർമാണം ആരംഭിക്കുന്നത്. 430 കുടുംബങ്ങൾക്കാണ് ഇവിടെ വീട് നിർമിക്കാൻ സൗകര്യമുള്ളത്. അതുകൊണ്ട് തന്നെ അന്തിമ പട്ടിക ആ സംഖ്യയില്‍ നിന്ന് ഉയരാന്‍ സാധ്യതയില്ലെന്ന് നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയ‍ർന്നിരുന്നു.

എഴ് സെന്റില്‍ 1000 ചതുരശ്ര അടിയില്‍ വീട് നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ നിലവിലെ തീരുമാനം. എന്നാല്‍ 10 സെന്റില്‍ വീട് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ദുരന്ത ബാധിതര്‍. നഷ്ടപരിഹാരം 40 ലക്ഷമാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. 15 ലക്ഷമാണ് സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരം. അതുകൊണ്ട് തന്നെ ടൗണ്‍ഷിപ്പില്‍ വീടിനായുള്ള ആദ്യഘട്ട ഗുണഭോകൃത ലിസ്റ്റില്‍ ഉള്‍പ്പെട്ട 196 പേരില്‍ 51 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയത്.

SCROLL FOR NEXT