NEWSROOM

മുണ്ടേല മോഹനൻ്റെ മരണം: വെള്ളനാട് ശശിക്കെതിരെ ആരോപണവുമായി കുടുംബം

മോഹനന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവിട്ടാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനന്റെ മരണത്തിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ ആരോപണവുമായി കുടുംബം. മോഹനൻ സിപിഎമ്മിൽ ചേരാത്തതിൽ ശശിക്ക് വൈരാ​ഗ്യം ഉണ്ടായിരുന്നെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മോഹനന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവിട്ടാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

നവംബർ 20 ന് രാവിലെയാണ് കാട്ടാക്കട തേക്കുപാറയിലെ സ്വന്തം റിസോര്‍ട്ടിന് പുറകിൽ മോഹനനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനൻ സിപിഎമ്മിൽ ചേരാത്തതിൽ ശശിക്ക് വൈരാഗ്യം ഉണ്ടായിരുന്നുവെന്നും, പാലോട് രവിക്കെതിരെ കള്ളപ്പരാതി പറയാൻ നിർബന്ധിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

മോഹനന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. വെള്ളനാട് ശശി ഉൾപ്പടെ അഞ്ച് പേർക്കെതിരെ ആത്മഹത്യ കുറിപ്പിൽ പരാമർശമുണ്ട്. കോൺഗ്രസ് പ്രവർത്തകനായിരുന്ന കാലത്ത് വെള്ളനാട് ശശി വ്യാജ വായ്പകളെടുത്തിരുന്നുവെന്നും, അതിലൂടെയുണ്ടായ സാമ്പത്തിക ബാധ്യതയാണ് സഹകരണ സംഘത്തെ തകർത്തതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കോൺഗ്രസ് വിട്ട ശശി, ഈ വായ്പകളുടെ പേരിൽ മോഹനനെതിരെ ദുഷ്പ്രചാരണം നടത്തിയെന്നും ആത്മഹത്യാക്കുറിപ്പിൽ സൂചനയുണ്ട്.

നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാത്തതിനാൽ സഹകരണസംഘത്തിൽ ഏറെ നാളായി പ്രതിഷേധമുണ്ടായിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണത്തിൽ 34 കോടിയുടെ തിരിമറി നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഭരണസമിതി പിരിച്ചുവിട്ടു. മോഹനൻ ഒളിവിൽ തുടരുന്നതിനിടയിലാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.


ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരിക്കുന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും, അതിനായി ഏതറ്റം വരെ പോകാനും തയ്യറാണെന്ന് കുടുബം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ് നിലവിൽ മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണസംഘം.

SCROLL FOR NEXT