NEWSROOM

ഖേദപ്രകടനത്തിൽ പങ്കുചേർന്നില്ല; ഫേസ്ബുക്കിൽ ഈദ് മുബാറക് ആശംസകളുമായി മുരളി ഗോപി

മോഹൻലാൽ നടത്തിയ ഖേദപ്രകടനം മുരളി ഗോപി ഷെയർ ചെയ്തിരുന്നില്ല

Author : ന്യൂസ് ഡെസ്ക്


എമ്പുരാൻ വിവാദങ്ങൾക്കിടെ ചെറിയ പെരുന്നാൾ ആശംസകൾ പങ്കുവെച്ച് ചിത്രത്തിൻ്റെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. എല്ലാവർക്കും ഈദ് ആശംസകൾ എന്നാണ് മുരളി ഗോപി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. എമ്പുരാനെതിരായ സംഘപരിവാർ സൈബർ ആക്രമണങ്ങളില്‍ വഴങ്ങി മോഹൻലാൽ കഴിഞ്ഞ​ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പൃഥ്വിരാജും പോസ്റ്റ് ഷെയർ ചെയ്തിരുന്നു. എന്നാൽ മുരളി ഗോപി വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. പിന്നാലെയാണ് ഈദ് ആശംസ അറിയിച്ച് പോസ്റ്റിട്ടത്.


പ്രിയപ്പെട്ടവർക്ക് ഉണ്ടായ വിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്നാണ് മോഹൻലാൽ അറിയിച്ചത്. സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ തന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ തൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമായാണെന്നും മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. പിന്നാലെ ഈ പോസ്റ്റ് പൃഥ്വിരാജ് ഷെയറും ചെയ്തിരുന്നു.

അതേസമയം, റീ എഡിറ്റ് ചെയ്ത എംപുരാൻ്റെ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തിയേക്കില്ല. തിയറ്ററുടമകൾക്ക് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. മൂന്ന് മിനിറ്റോളമാണ് ചിത്രത്തിൽ മാറ്റങ്ങളുള്ളത്. സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കെ തിരുത്തലുകൾ വരുത്തിയ പതിപ്പ് ഇന്ന് തിയറ്ററുകളിലെത്തുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരമുള്ള 17 വെട്ടുകൾ ഇല്ലെന്ന് സൂചനയുണ്ട്. ഉടൻ റീ എഡിറ്റ് നിർദേശം നൽകിയത് കേന്ദ്ര സെൻസർ ബോർഡാണ് എന്നാണ് സൂചന. വിവാദങ്ങൾക്കിടയിലും വിദേശ കളക്ഷനിൽ നിന്ന് 10 മില്യൺ ഡോളർ നേടുന്ന ആദ്യ മലയാള ചിത്രമായി എമ്പുരാൻ. ഈ സന്തോഷം മോഹൻലാൽ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. മാർച്ച് 27ന് തിയേറ്ററുകളിലെത്തിയ ചിത്രം രണ്ടു ദിവസങ്ങൾ കൊണ്ടുതന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

SCROLL FOR NEXT