എഡിജിപി എം.ആര്‍. അജിത് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ തണലിലാണെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീര്‍. പൂരം കലക്കിയതില്‍ വി.എസ്. സുനില്‍കുമാറിന്‍റെ പ്രസ്താവനയെങ്കിലും മുഖ്യമന്ത്രി മുഖവിലക്കെടുക്കേണ്ടതല്ലേ എന്നും മുനീര്‍ ചോദിച്ചു. പൊലീസ് സേന മുഴുവന്‍ മുഖ്യമന്ത്രിയുടെ കൂടെ പോകുന്നു. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും എം.കെ. മുനീര്‍ ആവശ്യപ്പെട്ടു. സിപിഐ ഇനി എങ്ങനെ മുന്നണിയില്‍ തുടരണമെന്ന് അവര്‍ക്ക് ആലോചിക്കാമെന്നും മുനീര്‍ പറഞ്ഞു.
എഡിജിപി- അന്‍വര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പ്രതിപക്ഷം പിന്നോട്ട് പോയെന്ന സമസ്ത മുഖപത്രം സുപ്രഭാതത്തിന്‍റെ വിമര്‍ശനം എം.കെ. മുനീര്‍ തള്ളി. എഡിജിപി വിഷയത്തിൽ പ്രതിപക്ഷം പിന്നോട്ട് പോയിട്ടില്ല, ആവേശം പോയത് അൻവറിനാണെന്ന് മുനീര്‍ പറഞ്ഞു. ഭരണപക്ഷ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ഏറ്റെടുക്കുന്നതിൽ പ്രതിപക്ഷത്തിന് എന്താണിത്ര കൈയ്യറപ്പ് എന്നായിരുന്നു സുപ്രഭാതം എഡിറ്റോറിയലിലെ വിമര്‍ശനം.
അതേസമയം, തൃശൂർ പൂരം നിയന്ത്രണങ്ങളിൽ എഡിജിപി എം.ആർ. അജിത് കുമാർ ഇടപെട്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നു. പൂരത്തിന് നിയന്ത്രണങ്ങൾ നിർദേശിച്ചത് എഡിജിപിയാണെന്നും ഇതിനായി രണ്ട് ദിവസം തൃശൂരിൽ തങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നും സ്പെഷ്യൽ ബ്രാഞ്ച് വെളിപ്പെടുത്തി.