നിലമ്പൂരിൽ മത്സരിക്കുമെന്ന തൃണമൂൽ കോൺഗ്രസിൻ്റെ ഭീഷണിയും, കോൺഗ്രസ് സ്ഥാനാർഥിയോടുള്ള പി.വി. അൻവറിൻ്റെ എതിർപ്പും ഫലം കണ്ടു. അൻവറിനെ അനുനയിപ്പിക്കാൻ ഒത്തുതീർപ്പുമായി യുഡിഎഫ്. തിരുവമ്പാടി സീറ്റ് അൻവറിന് വിട്ടു നൽകാൻ മുസ്ലീം ലീഗ് സമ്മതിച്ചിരിക്കുകയാണ്.
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശ പ്രകാരം കോഴിക്കോട് DCC പ്രസിഡൻ്റ് അൻവറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തിരുവമ്പാടി സീറ്റിൽ ഉറപ്പ് ലഭിച്ചാൽ അൻവർ എതിർപ്പ് പിൻവലിയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഘടക കക്ഷികയാക്കി കൊണ്ടുള്ള പ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
നിലമ്പൂരിലെ തെരഞ്ഞെടുപ്പ് അങ്കത്തട്ടിൽ ആര്യാടൻ ഷൗക്കത്ത് എത്തിയതോടെ ഇടഞ്ഞ പി.വി. അൻവറിനെ അനുനയിപ്പിക്കാൻ ശ്രമിക്കുകയാണ് യുഡിഎഫ്. ഗുരുതര ആരോപണം സ്ഥാനാർഥിക്കെതിരെ ഉന്നയിച്ചിട്ടും അൻവറിനെ തള്ളാതെ കൂടെ നിർത്താനാണ് കോൺഗ്രസ് നീക്കം.
കുഞ്ഞാലിക്കുട്ടിയാണ് അനുനയ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. പി.വി. അൻവർ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ട പ്രകാരമായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ലീഗിൻ്റെ പക്കലുള്ള തിരുവമ്പാടി സീറ്റ് വേണമെന്ന് പി.വി. അൻവർ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചിരുന്നു. നിലവിൽ തിരുവമ്പാടി സീറ്റിൽ മത്സരിക്കുന്നത് ലീഗാണ്.യുഡിഎഫിനെ പിന്തുണയ്ക്കണമെങ്കിൽ തിരുവമ്പാടി സീറ്റിൽ ഉറപ്പ് വേണമെന്നായിരുന്നു അൻവറുടെ ആവശ്യം.