നടി ഹണി റോസിൻ്റെ പരാതിയിൽ രാഹുൽ ഈശ്വറിന് നോട്ടീസ്. എറണാകുളം സെൻട്രൽ പൊലീസ് ആണ് നോട്ടീസ് നൽകിയത്. 14 ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ നിർദേശമുണ്ട്. ബിഎൻഎസ് 79, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരുന്നത്.
ഹണി റോസിൻ്റെ പരാതിയിൽ കേസെടുത്ത സംഭവത്തിൽ പൊലീസ് കഴമ്പില്ലാത്ത കാര്യത്തിലാണ് കേസ് എടുത്തതെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. നിയമം ദുരുപയോഗം ചെയ്യുകയാണെന്നും, ഹണി റോസിനോട് ബഹുമാനത്തോടെ മാത്രമെ പെരുമാറിയിട്ടുള്ളു. ഹണി റോസിനെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയക്കുമെന്നും ഒരു കേസ് വരുന്നതിന്റെ പ്രയാസം ഹണിയും അറിയണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. താൻ തന്നെ കേസ് വാധിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ പോക്സോ കേസ് കുടുംബ തർക്കത്തിന്റെ ഭാഗമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.
ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് എടുത്തത്. ചാനല്‍ ചർച്ചകളില്‍ തന്റെ വസ്ത്രധാരണത്തെപ്പറ്റി രാഹുൽ ഈശ്വർ മോശമായി സംസാരിച്ചുവെന്നാണ് നടിയുടെ ആരോപണം. കേസ് അന്വേഷണത്തിനായി ആറ് പേരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
രാഹുൽ ഈശ്വറിനെതിരെ മുൻപും ഹണി റോസ് പരാതി നൽകിയിരുന്നു. സമൂഹമാധ്യമം വഴി അപകീർത്തിപ്പെടുത്തിയെന്ന് കാട്ടിയായിരുന്നു പരാതി നൽകിയിരുന്നത്. താനും കുടുംബവും അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദത്തിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വർ ആണെന്നാണ് ഈ പരാതി നൽകുന്നതിന് മുൻപ് ഹണി റോസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.