നിർമല കോളേജ് 
NEWSROOM

നിര്‍മല കോളേജിലെ നിസ്‌കാര മുറി തര്‍ക്കം: നടന്നത് വഴിതെറ്റിയ സംഭവം; ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി

കുട്ടികൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ലെന്ന് കോളേജ് പ്രിൻസിപ്പൽ

Author : ന്യൂസ് ഡെസ്ക്

മൂവാറ്റുപുഴ നിർമല കോളേജിലെ നിസ്കാര മുറി തർക്കത്തിൽ ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റികൾ. നടന്നത് വഴിതെറ്റിയ സംഭവമാണെന്നും സമുദായത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റികൾ വ്യക്തമാക്കി. കോളേജ് മാനേജ്മെൻ്റുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് മഹല്ല് കമ്മിറ്റിയുടെ പ്രതികരണം.

അനിഷ്ടകരമായ സംഭവങ്ങളാണ് കോളേജിലുണ്ടായതെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി.എസ്.എ. ലത്തീഫ് പറഞ്ഞു. പ്രാര്‍ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദിഷ്ട രീതികള്‍ ഇസ്ലാം നിര്‍ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോളേജിൽ നിസ്കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാർഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിന്‍സിപ്പല്‍ ഫാദര്‍ ജസ്റ്റിന്‍ കെ. കുര്യാക്കോസ് വ്യക്തമാക്കിയിരുന്നു. 72 വര്‍ഷത്തെ ചരിത്രത്തില്‍ ക്യാമ്പസില്‍ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല. ഇത്രയും കാലം പുലര്‍ത്തിപ്പോന്ന നിലപാടു തന്നെ കോളേജ് തുടരും. പെട്ടെന്നുള്ള പ്രതികരണമാവാം കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായത്. അച്ചടക്ക നടപടികള്‍ ആലോചിക്കാനുള്ള സമയമല്ല ഇതെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.



SCROLL FOR NEXT