NEWSROOM

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്: സിപിഐഎമ്മുകാരായ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം

സിപിഐഎം പ്രവർത്തകനായിരുന്ന സൂരജ് പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നതാണ് കൊലപാതകത്തിന് കാരണം

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകനായ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും. രണ്ട് മുതൽ ഒൻപത് വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. 11-ാം പ്രതി പ്രദീപന് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സിപിഐഎം പ്രവർത്തകനായിരുന്ന സൂരജ് പാർട്ടി വിട്ടു ബിജെപിയിൽ ചേർന്ന വിരോധത്തിലായിരുന്നു കൊലപാതകം. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴ സംഖ്യ സൂരജിന്‍റെ കുടുംബത്തിന് നല്‍കണം.

12 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ ഒന്ന്, 12 പ്രതികൾ വിചാരണക്കിടെ മരിച്ചു. പത്താം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. രണ്ട് മുതൽ ആറു വരെ പ്രതികളായ ടി.കെ. രജീഷ്, എൻ.വി. യോഗേഷ്, കെ. ഷംജിത്ത്, പി.എം. മനോരാജ്, എൻ. സജീവൻ എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. ടി.പി. ചന്ദ്രേശഖരൻ വധക്കേസ് പ്രതിയാണ് ടി.കെ. രജീഷ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരനാണ് മനോരാജ്.

2005 ഓഗസ്റ്റ് ഏഴിനാണ് ബിജെപി പ്രവർത്തകനായ സൂരജിനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിൽ വെച്ചാണ് സൂരജ് കൊല്ലപ്പെട്ടത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. 19 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ വിധി വന്നിരിക്കുന്നത്. 2005 ഫെബ്രുവരിയിലും സൂരജിനെ കൊലപ്പെടുത്താൻ ശ്രമം ഉണ്ടായി. അന്ന് സൂരജിന്റെ കാലിന് വെട്ടേറ്റിരുന്നു. ആറുമാസത്തോളം കിടപ്പിലായ സൂരജ്, പുറത്തിറങ്ങിയപ്പോഴായിരുന്നു കൊലപാതകം.

തുടക്കത്തിൽ 10 പേർ മാത്രമായിരുന്നു കേസിൽ പ്രതികളായിട്ടുണ്ടായിരുന്നത്. ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ടി.കെ. രജീഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ കൂടി പ്രതി ചേർത്തത്. ഇവരിലൊരാളാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്‍റെ സഹോദരന്‍ മനോരാജ് നാരായണൻ. കേസിലെ കേസിലെ ഒന്നാം പ്രതി പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും വിചാരണയ്ക്കിടെ മരിച്ചു. ഇതോടെയാണ് പ്രതികളുടെ എണ്ണം പത്തായത്.

SCROLL FOR NEXT