പി.വി. അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അന്‍വറിനെ നായകനാക്കിയുള്ള നാടകം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു. അന്‍വറിന്‍റെ യോഗത്തില്‍ പങ്കെടുത്തത് ഇടത് പ്രവര്‍ത്തകരല്ല. ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ, ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്. ഡിജിപിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ എഡിജിപിയെ മാറ്റി. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും സ്ഥാനമാറ്റത്തില്‍ എല്ലാം അവസാനിക്കില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും എം.വി ഗോവിന്ദന്‍ രംഗത്തുവന്നു. ജമാഅത്തെ ഇസ്ലാമി അമീര്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയവരാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുമായി ചര്‍ച്ച നടത്തുന്നതില്‍ എന്താ കുഴപ്പം എന്നായിരുന്നു അവർ ചോദിച്ചത്. കശ്മീരില്‍ സിപിഎം നേതാവ് തരിഗാമിക്കെതിരെ ബിജെപി സഖ്യത്തില്‍ മത്സരിച്ചവരാണ് ജമാഅത്തെ ഇസ്ലാമി. ഇഎംഎസിനെയും എകെജിയെയും തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ജനസംഘത്തെ കൂട്ടുപിടിച്ച ചരിത്രമുണ്ട്. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്ന ആളാണ് താനെന്ന് പറയുന്ന വ്യക്തിയാണ് കെപിസിസി പ്രസിഡന്റ്. മഴവില്‍ സഖ്യം ഇടതുപക്ഷത്തിനെതിരെ ഇപ്പോഴും ഉണ്ട്. ഗോള്‍വാര്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്കു കൊളുത്തിയ ആളാണ് പ്രതിപക്ഷ നേതാവ്.
മാത്യു കുഴൽനാടൻ്റേത് മാപ്പർഹിക്കാത്ത പരാമർശം
കൂത്തുപറമ്പ് സമരപോരാളി പുഷ്പനെ അപമാനിക്കാനുള്ള ശ്രമമാണ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ നടത്തിയത്. മാപ്പര്‍ഹിക്കാത്ത പരാമര്‍ശമാണത്. കോമാളി വേഷക്കാരനായി കുഴല്‍നാടന്‍ മാറിയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
മാധ്യമങ്ങൾക്ക് വിമർശനം
വയനാട് ദുരന്തം നേരിടാന്‍ കേരള ജനത ഒറ്റക്കെട്ടായി നിന്നു. ഏത് പ്രതിസന്ധിയെയും തരണം ചെയത് മുന്നോട്ട് പോകുന്ന സ്ഥിതി ആയിരുന്നു അന്ന് ഉണ്ടായത്. പ്രധാനമന്ത്രി വയനാട്ടില്‍ വന്നു പോയി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു സഹായവും നല്‍കിയില്ല. കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്രം കാണിക്കുന്നത്. കേന്ദ്ര സഹായം നേടാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കണക്ക് കേരളത്തിലെ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ച് നല്‍കി.
ജനങ്ങളുടെ പ്രശ്‌നം ബാധകം അല്ലെന്ന നിലപാട് ആണ് മാധ്യമങ്ങള്‍ മുന്നോട്ട് വെക്കുന്നത്. കേന്ദ്രത്തിന് ഹൈക്കോടതി നല്‍കിയ താക്കീത് പോലും മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കിയില്ലെന്ന് എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു. മാധ്യമ ധര്‍മം എന്ന വാക്ക് മാധ്യമങ്ങളുമായി ചേര്‍ത്ത് പറയാനാകാത്ത സ്ഥിതിയാണ്. അസംബന്ധങ്ങള്‍ക്ക് ചെവി കൊടുക്കേണ്ട എന്നാണ് മാധ്യമങ്ങളെ കുറിച്ച് സര്‍ക്കാരിനോട് കോടതി പറഞ്ഞത്.
അശോക് വാങ്കഡെ എന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് നേതാവ് കെ.സിവേണുഗോപാലിന് എതിരെ ലൈംഗീക ആരോപണം ഉയര്‍ത്തി. ഹരിയാന തെരഞ്ഞെടുപ്പില്‍ കാസ്റ്റിങ് കൗച്ച് നടന്നുവെന്ന വാര്‍ത്ത മാധ്യമങ്ങള്‍ തമസ്‌കരിച്ചു. ഉത്തരേന്ത്യന്‍ ജയിലുകളിലെ ജാതി വിവേചനം നടക്കുന്നു എന്ന വാര്‍ത്ത കേരളത്തിലെ പല മാധ്യമങ്ങളും നല്‍കിയില്ല. അതിനെതിരെ സുപ്രീം കോടതി നടപടി എടുത്ത വിവരം കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ആകുന്നില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
സ്വര്‍ണ്ണക്കള്ളക്കടത്തില്‍ ലീഗ് എംല്‍എ എം.കെ മുനീറിനുള്ള ബന്ധം പുറത്തു വന്നിട്ട് പല മാധ്യമങ്ങളും അത് നല്‍കിയില്ല. സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ ചിറകിന്റെ അടിയില്‍ സംരക്ഷിക്കുന്നത് ആരെന്ന് വ്യക്തമായി. സ്വര്‍ണ്ണക്കള്ളക്കടത്ത് തടയേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന് ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Also Read: ചീഫ് സെക്രട്ടറിക്കും ഡിജിപിയ്ക്കും ഇനി രാജ്ഭവനിൽ പ്രവേശനമില്ല ; സർക്കാരിൻ്റെ കത്ത് പരസ്യമാക്കി ഗവർണർ
ഗവർണർ കെയർ ടേക്കർ മാത്രം
കേരളത്തിലെ സര്‍വകലാശാലകളിലെ വിദ്യാഭ്യാസമേന്മ കാരണം വിദേശ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ എത്തുന്നു. ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന ഇടപെടലുകളെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ കഴിയുന്നുണ്ട്. ഭരണഘടന വിരുദ്ധമായ ഇടപെടല്‍ ആണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ റിപ്പോര്‍ട്ട് കൊടുക്കുമെന്ന ഗര്‍ജനമാണ് ഗവര്‍ണര്‍ നടത്തുന്നത്. ഒരു കെയര്‍ ടേക്കര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടന വിരുദ്ധ പ്രവര്‍ത്തനമാണ് ഗവര്‍ണര്‍ തുടരുന്നത്. ഭയപ്പെടുത്തലൊന്നും ഇങ്ങോട്ട് വേണ്ടെന്നും ഇത്തരം ഭയപ്പെടുത്തലുകളെ അതിജീവിച്ചരാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. രാജ്ഭവനില്‍ ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഗവര്‍ണര്‍ വിലക്കിയ നടപടിയെ അദ്ദേഹം പരിഹസിച്ചു. രാജ്ഭവൻ എന്താ അമ്പലമാണോ എന്നായിരുന്നു എം.വി ഗോവിന്ദന്‍റെ പ്രതികരണം. മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സി ഉണ്ടായിരുന്നു എന്ന ആരോപണം അന്നേ തള്ളിക്കളഞ്ഞെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.