മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ പി.വി. അൻവറിനെതിരെ വിമർശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം- സർക്കാർ വിരുദ്ധ നിലപാട് അൻവർ സ്വീകരിക്കരുതെന്ന് ഗോവിന്ദൻ പറഞ്ഞു. അനാവശ്യ പ്രതികരണം ഒഴിവാക്കണമെന്ന നിർദേശം അൻവർ ലംഘിച്ചെന്നും ഇതിന് വിശദമായി മറുപടി പിന്നീട് നൽകുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പണ്ടും പലരും പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് അൻവർ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നിലപാടിൽ നിന്ന് മാറിയ പ്രസ്താവനകളാണ് ഇത്. പാർട്ടി ശത്രുക്കളുടെ നിലപാടിലേക്ക് അൻവറിന്റെ പ്രതികരണം മാറുന്നുവെന്നും അങ്ങനെയാവരുതെന്ന് ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അൻവറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. അഭ്യന്തരവകുപ്പിനെതിരെ നേരത്തെയും പ്രതിപക്ഷം ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. അൻവറിൻ്റെ പ്രസ്താവനകൾ പരിശോധിച്ച് പാർട്ടി ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, അൻവർ നടത്തിയ ആരോപണങ്ങളെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും തള്ളിയിരുന്നു. ഇടതുപക്ഷ എംഎൽഎയിൽ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള നീക്കങ്ങളല്ല അൻവറിൽ നിന്നുമുണ്ടാകുന്നതെന്നും എംഎൽഎയുടെ പ്രസ്താവനകൾ പാർട്ടി ചർച്ച ചെയ്ത് പിന്നാലെ തീരുമാനമെടുക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
പാർട്ടിയിൽ പ്രശ്നങ്ങൾ കണ്ടാൽ സർക്കാരിൻ്റെയും പാർട്ടിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണ് സാധാരണഗതിയിൽ ഒരു ഇടതുപക്ഷമുന്നണിയിലെ അംഗം ചെയ്യുക. സർക്കാർ ഈ പരാതി പരിശോധിക്കുകയും ചട്ടങ്ങളനുസരിച്ച് നടപടിയെടുക്കുകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള തെറ്റിനെ പിന്താങ്ങുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന പതിവ് കേരളത്തിലെ ഇടതുപക്ഷത്തിനില്ലെന്നും വിജയരാഘവൻ പറയുന്നു.
മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി. അൻവർ എംഎൽഎ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. സ്വര്‍ണത്തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിനാല്‍ തന്നെ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അര്‍ഹതയില്ലെന്നും അൻവർ പറഞ്ഞു. പാര്‍ട്ടി സഖാക്കള്‍ മിണ്ടാൻ പാടില്ല എന്നാണ് മുഖ്യമന്ത്രിയുടെ ലൈൻ. പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായിരിക്കുകയാണെന്നും ഗോവിന്ദന്‍ മാഷിന്‍റെ കാര്യം ഇതാണെങ്കില്‍ മറ്റു സഖാക്കളുടെ കാര്യം എന്തായിരിക്കുമെന്നും അൻവർ ചോദിച്ചു.