പി.വി. അന്‍വർ എംഎല്‍എയുടെ പ്രസ്താവനകൾ വലതുപക്ഷ ശക്തികളുടെ കയ്യിലെ ആയുധമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദന്‍.
ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുന്ന ആളാണ് അൻവർ. അന്‍വർ ചില കാര്യങ്ങൾ സർക്കാരിന്‍റെയും പാർട്ടിയുടെയും മുന്നിൽ അവതരിപ്പിച്ചുവെന്നും അന്വേഷണം നടന്നുവരുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു. പാർട്ടിയുടെയും സർക്കാരിൻ്റേയും ശ്രദ്ധയിൽപ്പെടുത്തിയ ശേഷം പിന്നെയും വലതുപക്ഷശക്തികൾക്ക് ഉപയോഗിക്കാനുള്ള പ്രചരണം സൃഷ്ടിക്കുകയാണ് ഇപ്പോൾ അന്‍വർ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എം.വി ഗോവിന്ദന്‍ ആരോപിച്ചു. ഇക്കാര്യങ്ങൾ അൻവറിനെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും പാർലമെന്‍ററി യോഗത്തിൽ അറിയിക്കുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതിനു ശേഷം ആവശ്യമായ തിരുത്തലുകള്‍ നടത്താമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇത്തരം നടപടികളിൽ നിന്ന് അൻവർ പിന്മാറണമെന്നാണ് സിപിഎം സെക്രട്ടേറിയറ്റിൻ്റെ അഭിപ്രായം. ആവർത്തിച്ചുള്ള ഇത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
ഇനി ഇത്തരം പ്രസ്താവനകൾ നടത്തരുത്. ഗൗരവത്തിൽ ഉന്നയിച്ചു എന്നുള്ളത് കൊണ്ട് അത് ഗൗരവമുള്ള കാര്യമാകുമോ. ഗൗരവമുള്ളതാണെങ്കിൽ ഗൗരവപൂർവ്വം ചർച്ച ചെയ്യുമെന്നും പാർട്ടി സെക്രട്ടറി അറിയിച്ചു. അൻവർ ഉന്നയിച്ച പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ആളാണ് പി.ശശിയെന്ന് കരുതുന്നില്ല. ഈ പറയുന്ന ഏതെങ്കിലും കാര്യങ്ങൾ പ്രഥമദൃഷ്ട്യാ ശശിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പറയാൻ സാധിക്കില്ല. ആവശ്യമായ പരിശോധന നടത്തുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ശശിയും ഞങ്ങളും പതിറ്റാണ്ടുകളായി ഒപ്പം പ്രവർത്തിച്ചുവരുന്ന സഖാക്കളാണെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.
ചൂരൽമല ദുരന്തത്തിൽ സർക്കാർ തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയെ സംബന്ധിക്കുന്ന തെറ്റായ വാർത്ത ലോകം മുഴുവൻ ഒറ്റ ദിവസം കൊണ്ട് പ്രചരിപ്പിച്ചുവെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. എല്ലാ സീമകളും ലംഘിച്ച് ദുഷ്പ്രചരണം നടത്തിയെന്നും സർക്കാർ വാർത്താക്കുറിപ്പ് ഇറക്കിയിട്ടും പ്രാധാന്യം നൽകിയില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.