NEWSROOM

സമാധി സമയവും കര്‍മങ്ങളും അച്ഛന്‍ കുറിച്ച് തന്നുവെന്ന് വിചിത്ര വാദം; മകന്‍ മറവു ചെയ്ത ഗോപന്‍ സ്വാമിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു

ഇന്നലെ രാവിലെ ആറാലുംമൂട്ടിലെ ഗോപന്‍ സ്വാമിയുടെ വീടിരിക്കുന്ന പരിസരങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍ കണ്ട് നാട്ടുകാര്‍ ഞെട്ടി. ബ്രഹ്‌മ ശ്രീ ഗോപന്‍ സ്വാമി ഇന്നലെ സമാധിയായെന്നായിരുന്നു പോസ്റ്ററില്‍.

Author : ന്യൂസ് ഡെസ്ക്


തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സമാധിയായെന്ന് അവകാശപ്പെട്ട് മകന്‍ മറവ് ചെയ്ത ഗോപന്‍ സ്വാമിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സമാധി സമയവും കര്‍മങ്ങളും അച്ഛന്‍ കുറിച്ച് തന്നതാണെന്ന വിചിത്ര വാദമാണ് ഗോപന്‍ സ്വാമിയുടെ മക്കള്‍ക്ക്.

ഇന്നലെ രാവിലെ ആറാലുംമൂട്ടിലെ ഗോപന്‍ സ്വാമിയുടെ വീടിരിക്കുന്ന പരിസരങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍ കണ്ട് നാട്ടുകാര്‍ ഞെട്ടി. ബ്രഹ്‌മ ശ്രീ ഗോപന്‍ സ്വാമി ഇന്നലെ സമാധിയായെന്നായിരുന്നു പോസ്റ്ററില്‍. എല്ലാര്‍ക്കും പരിചിതനായ ഗോപന്‍ സ്വാമി മരിച്ചതോ സംസ്‌കാര ചടങ്ങുകളോ നാട്ടുകാരാരും അറിഞ്ഞിരുന്നില്ല. ദുരൂഹത തോന്നിയാണ് വാര്‍ഡ് കൗണ്‍സിലറേയും പൊലീസിനേയും വിവരം അറിയിക്കുന്നത്.

വര്‍ഷങ്ങളായി വീടിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ പൂജാകര്‍മങ്ങള്‍ ചെയ്തു വരികയായിരുന്നു മരിച്ച ഗോപന്‍ സ്വാമി. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധി പണിയുകയും ചെയ്തിരുന്നതായും നാട്ടുകാര്‍ പറയുന്നു.

അച്ഛന്‍ കുറിച്ചു തന്ന സമയവും കര്‍മങ്ങളും നോക്കിയാണ് സമാധി നടത്തിയതെന്ന വിശദീകരണമാണ് മകന്‍ രാജസേനന്. സമാധിയാകുന്നത് മകനല്ലാതെ മറ്റാരും കാണാന്‍ പാടില്ല. മരിച്ച വിവരം സമാധിക്ക് ശേഷം മാത്രം നാട്ടുകാരെ അറിയിക്കണമെന്നും അച്ഛന്‍ പറഞ്ഞതായാണ് മകന്‍ പറയുന്നത്.

രാജസേനന് പുറമെ സഹോദരനും അമ്മയും മരുമകളുമാണ് വീട്ടിലുള്ളത്. നാലു പേര്‍ക്കും ഗോപന്‍ സ്വാമിയുടേത് മരണമല്ലെന്നും സമാധിയാണെന്നുമുള്ള വാദമാണ്. വീടിന് മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാരുമായും പലവട്ടം വാക്കുതര്‍ക്കമുണ്ടായി.

ഗോപന്‍ സ്വാമി എങ്ങനെ മരിച്ചു, മകന്‍ മരണം സ്ഥിരീകരിച്ച് സംസ്‌കാരം നടത്തുകയായിരുന്നോ എന്നതൊക്കെയാണ് ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍.മറ്റാരും പരാതി നല്‍കാതിരുന്നതോടെ നാട്ടുകാര്‍ തന്നെ അന്വേഷണം ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം മറവ് ചെയ്ത കല്ലറയടക്കം പൊളിച്ച് വരുംദിവസങ്ങളില്‍ പരിശോധന നടത്തും.

SCROLL FOR NEXT