മരണത്തിൽ ദുരൂഹത; പുലിയൂരിൽ മരിച്ച യേശുദാസിൻ്റെ കല്ലറ പൊളിച്ച് പരിശോധന  
NEWSROOM

മരണത്തിൽ ദുരൂഹത; പുലിയൂരിൽ മരിച്ച യേശുദാസിൻ്റെ കല്ലറ പൊളിച്ച് പരിശോധന

സ്വത്തുവകകൾ സഹോദരൻ ഗബ്രിയേൽ കൈക്കലാക്കിയെന്ന് ആരോപണം

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂരിൽ മരിച്ച യേശുദാസിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് കല്ലറ പൊളിച്ച് പരിശോധിക്കുന്നു. തഹസിൽദാറിൻ്റെ നേതൃത്വത്തിലാണ് കല്ലറ പൊളിക്കുന്നത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഉള്ളത്. മാർച്ച് 20നാണ് യേശുദാസ് രക്തംഛർദിച്ച് ആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരിച്ചത്. കഴിഞ്ഞ മാർച്ച് 24ന് പുലിയൂർ ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ പിതാവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മരുമകൾ ലീന ബിൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആർഡിഒ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്.

രോഗബാധിതനായ യേശുദാസിനെ പരിചരിച്ച ഹോംനഴ്സ് നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെ യേശുദാസ് ബോധരഹിതനാവുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയുമായിരുന്നു. പിതാവിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് വീട്ടുക്കാരുടെ ആവശ്യം. വിരലുകൾ കടുത്ത നീല നിറത്തിൽ കാണപ്പെട്ടത് ദുരുഹത ഉണ്ടാക്കുന്നതാണെന്ന് മരുമകൾ ആരോപിച്ചു. കൂടാതെ പിതാവിൻ്റെ മരണശേഷം യേശുദാസിൻ്റെ പേരിലുള്ള വീടും പുരയിടവും യേശുദാസിൻ്റെ സഹോദരനായ ഗബ്രിയേൽ മാമൻ്റെ പേരിലായതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്.

പണം അടങ്ങിയ പാസ് ബുക്കും, എടിഎം കാർഡും ഇയാളുടെ കൈവശമാണുള്ളത്. സ്വത്തുവകകൾ കൈക്കലാക്കാൻ ഗബ്രിയേലും, ഹോംനഴ്സും ചേർന്ന് യേശുദാസിനെ അപായപ്പെടുത്തിയെന്നാണ് ലീന ബിൻസിൻ്റെ ആരോപണം.

SCROLL FOR NEXT