NEWSROOM

'മറുപടി നൽകണം'; ചാർജ് മെമ്മോ നല്‍കിയതില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ട് എന്‍. പ്രശാന്ത് ഐഎഎസ്

ഡിസംബർ 16നാണ് എന്‍. പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

അച്ചടക്ക ലംഘനത്തിന് ലഭിച്ച ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കാതെ ചീഫ് സെക്രട്ടറി ശാരദ മുരളീധരനോട് തിരിച്ച് വിശദീകരണം ചോദിച്ച് എന്‍. പ്രശാന്ത് ഐഎഎസ്. ഏഴ് കാര്യങ്ങള്‍ക്ക് ശാരദാ മുരളീധരന്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു. വിശദീകരണം കിട്ടിയ ശേഷം മെമ്മോയ്ക്ക് മറുപടി നല്‍കാമെന്ന അസാധാരണ നിലപാടാണ് പ്രശാന്ത് സ്വീകരിച്ചിരിക്കുന്നത്.


അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ. ഗോപാലകൃഷ്ണനെയും ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിന് നിലവില്‍ സസ്പെന്‍ഷനിലാണ് എന്‍. പ്രശാന്ത്. ഐഎഎസ് തലപ്പത്തെ പോര് സമൂഹമാധ്യമത്തിലേക്ക് എത്തിയത് സർക്കാരിന് വലിയ തലവേദനയായിരുന്നു. ഇതിനെ തുടർന്നാണ്, അച്ചടക്കലംഘനത്തിന് എന്‍. പ്രശാന്തിനും മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ കെ. ഗോപാലകൃഷ്ണനും ചീഫ് സെക്രട്ടറി ചാർജ് മെമ്മോ നല്‍കിയത്. എന്നാല്‍ തനിക്ക് ലഭിച്ച മെമ്മോയ്ക്ക് മറുപടി നല്‍കാതെ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ചിരിക്കുകയാണ് പ്രശാന്ത്. ഏഴ് കാര്യങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ മെമ്മോയ്ക്ക് മറുപടി നല്‍‌കാമെന്നും ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പ്രശാന്ത് വ്യക്തമാക്കി.



തന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ജയതിലകും ഗോപാലകൃഷ്ണനും ആർക്കും പരാതി നല്‍കാത്ത സാഹചര്യത്തില്‍ സർക്കാർ സ്വന്തം നിലയിൽ മെമ്മോ നൽകുന്നതിന്‍റെ യുക്തി എന്താണെന്നാണ് പ്രശാന്തിന്റെ ചോദ്യം. സസ്പെന്‍ഡ് ചെയ്യുന്നതിന് മുന്‍പോ ചാർജ് മെമ്മോ നല്‍കുന്നതിന് മുന്‍പോ തന്‍റെ ഭാഗം എന്ത് കൊണ്ട് കേള്‍ക്കാൻ തയ്യാറായില്ല? ചാർജ് മെമ്മോക്കൊപ്പം വെച്ച തന്‍റെ ഫേസ് ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ ആരാണ് ശേഖരിച്ചത്? ഏത് സർക്കാർ ഉദ്യോഗസ്ഥന്‍റെ അക്കൗണ്ടിൽ നിന്നാണിത് ശേഖരിച്ചത് ? ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത്?  തനിക്ക് കൈമാറിയ സ്ക്രീൻ ഷോട്ടിൽ കാണുന്നത് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടാണ്. അങ്ങിനെയെങ്കില്‍ ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് ചാർജ് മെമ്മോ തയ്യാറാക്കിയതെന്ന് വ്യക്തം. ഇതിന് ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നാണ് പ്രശാന്തിന്‍റെ വാദം. സ്വകാര്യ വ്യക്തി ശേഖരിച്ചതാണെങ്കിൽ ഇതെങ്ങനെ സര്‍ക്കാർ ഫയലിൽ കടന്നു കൂടിയെന്നാണ് അടുത്ത ചോദ്യം. ഐടി നിയമപ്രകാരം സർട്ടിഫൈ ചെയ്ത് കൃത്രിമം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടാണോ ഡിജിറ്റൽ സ്ക്രീൻ ഷോട്ടുകൾ ശേഖരിച്ചതെന്നും പ്രശാന്ത് ചോദിക്കുന്നു.

ഡിസംബർ 16നാണ് എന്‍. പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെ ഈ അസാധാരണ ആവശ്യത്തോട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പ്രതികരിച്ചിട്ടില്ല.

സമൂഹമാധ്യമത്തില്‍ പ്രകോപനപരമായ പരാമർശങ്ങള്‍ നടത്തിയതിനായിരുന്നു കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്തിനെതിരെ സർക്കാർ ചാർജ് മെമ്മോ നല്‍കിയത്. ഐഎഎസ് ഉദ്യോഗസ്ഥരായ കെ. ഗോപാലകൃഷ്ണനെയും ജയതിലകനെയും വിമർശിച്ചത് തെറ്റാണെന്നും ഈ മെമ്മോയിൽ പറയുന്നു. പരാമർശങ്ങൾ ഗോപാലകൃഷ്ണന് അപമാനവും മാനഹാനിയും ഉണ്ടാക്കിയെന്നും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലകനെ വിമർശിച്ചത് കുറ്റകരമെന്നും മെമ്മോയിൽ പറയുന്നു.


കൃഷിവകുപ്പിൻ്റെ ഉൽപ്പന്നം ഫേസ്ബുക്കിൽ പങ്കുവെച്ചത് സദുദ്ദേശപരമല്ലെന്നും മെമ്മോയിൽ പറയുന്നുണ്ട്.' കള പറിക്കാൻ ഇറങ്ങിയതാണ്' എന്ന പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചാണെന്നാണ് ചാർജ് മെമ്മോ. എസ്‌സി, എസ്‌ടി ഉന്നമനത്തിനായി തുടങ്ങിയ 'ഉന്നതി'യുടെ സിഇഒ ആയിരുന്ന കാലത്തെ എൻ. പ്രശാന്തിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് പ്രശാന്ത് ഫേസ്ബുക്ക് പോരിന് തുടക്കമിട്ടത്. തനിക്കെതിരെ മാതൃഭൂമിക്ക് വാർത്ത നൽകുന്നത് ജയതിലകാണെന്നായിരുന്നു പ്രശാന്തിൻ്റെ ആരോപണം. 'സ്പെഷൽ റിപ്പോർട്ടർ' എന്നാണ് ജയതിലകിനെ പ്രശാന്ത് വിശേഷിപ്പിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചിരുന്നു.

SCROLL FOR NEXT