NEWSROOM

നാം തമിഴര്‍ കച്ചിയും സീമാന്റെ തീവ്ര തമിഴ് ഭാഷാവാദവും

ഡിഎംകെയും അണ്ണാ ഡിഎംകെയും മാറിമാറി ഭരണം നടത്തുന്ന തമിഴ്നാട്ടില്‍ 2026-ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകാന്‍ പോകുന്ന പാര്‍ട്ടിയായാണ് നാം തമിഴര്‍ കച്ചി(NTK) യെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Author : അരുണ്‍ കൃഷ്ണ

തമിഴന് അവന്‍റെ മണ്ണും ഭാഷയും പ്രാണനേക്കാള്‍ വലുതാണ്.പെരിയാറും അണ്ണാദുരൈയും കാട്ടിയ വഴിയിലൂടെ പിച്ചവച്ചുതുടങ്ങിയ ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ പെരുമപേറുന്ന തമിഴ് ജനതയെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാലമത്രയും ഒപ്പം നിര്‍ത്തിയത് അവരുടെ ഭാഷയോടുള്ള വികാരത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു.ഹിന്ദിയെ അടിച്ചേല്‍പ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്‍റെ നീക്കങ്ങളോട് 'ഹിന്ദി തെരിയാത് പോടാ'എന്ന് ഡിഎംകെ നേതാവും നടനുമായ ഉദയനിധി സ്റ്റാലിന്‍ മറുപടി നല്‍കിയതും ഇതേ ഭാഷാവികാരത്തെ ഉയര്‍ത്തിക്കൊണ്ടായിരുന്നു.

ഡിഎംകെയും അണ്ണാ ഡിഎംകെയും മാറിമാറി ഭരണം നടത്തുന്ന തമിഴ്നാട്ടില്‍ 2026-ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകാന്‍ പോകുന്ന പാര്‍ട്ടിയായാണ് നാം തമിഴര്‍ കച്ചി(NTK) യെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.പാര്‍ട്ടിയുടെ ചീഫ്-കോര്‍ഡിനേറ്ററായ സെന്തമിഴന്‍ സീമാന്‍റെ തീവ്രതമിഴ് ഭാഷാവാദത്തെ പിന്തുണക്കുന്നവരുടെ എണ്ണം കൂടി വരുന്നതാണ് ഇതിന് കാരണം.സവര്‍ണ മേധാവിത്വത്തിന് മുകളിലൂടെ വളര്‍ന്നുവന്ന പുരോഗമന ദ്രാവിഡ രാഷ്ട്രീയത്തെ തീര്‍ത്തും സങ്കുചിതവും അപകടകരമാകും വിധവും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സീമാന്‍ വളര്‍ന്നത്.

തുടക്കം സിനിമയിലൂടെ...

തമിഴന്‍റെ ഭാഷാവികാരത്തെ ആളികത്തിക്കുന്ന സീമാന്‍റെ പ്രസംഗങ്ങളാണ് യുവാക്കളില്‍ അടക്കം നാം തമിഴര്‍ കച്ചിയുടെ സ്വാധീനം ഉയര്‍ത്തിയത്.സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്ന തമിഴകത്ത് സിനിമാക്കാരനായി തന്നെയായിരുന്നു സീമാന്‍റെയും രംഗപ്രവേശം.പാഞ്ചാലങ്കുറിച്ചി (1996), വീരനടൈ (2000) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം 1990-കളുടെ മധ്യത്തോടെ സംവിധായകനായി. തമ്പി (2006) വാഴ്ത്തുകൾ (2008) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌തെങ്കിലും വിജയിക്കാൻ സാധിച്ചില്ല. അതോടെ അദ്ദേഹം സിനിമയിൽ നിന്ന് വിട്ടുനിന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.

വേലുപ്പിള്ള പ്രഭാകരനുമായുള്ള കൂടിക്കാഴ്ച....

2008-ല്‍ ശ്രീലങ്കൻ സർക്കാരും എൽ.ടി.ടി.ഇയും തമ്മിലുള്ള ആഭ്യന്തര യുദ്ധം ആസന്നമായപ്പോൾ വേലുപ്പിള്ള പ്രഭാകരനുമായി കൂടിക്കാഴ്ച നടത്താന്‍ സീമാന് അവസരം ലഭിച്ചു. യുദ്ധത്തിൽ കൊല്ലപ്പെട്ട തമിഴർക്ക് വേണ്ടി സംസാരിക്കാൻ തുടങ്ങിയതോടെ അദ്ദേഹം രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഈഴപ്പോരില്‍ തമിഴ് ജനത അനുഭവിച്ച കൊടിയ യാതനകളെ മുന്‍ നിര്‍ത്തി രാമേശ്വരത്ത് സീമാന്‍ നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവായി.എല്‍.ടി.ടി.ഇയെ അനുകൂലിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് സീമാന്‍ പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ദേശീയ സുരക്ഷാ നിയമം, പാസ്‌പോർട്ട് തടയൽ, സംസ്ഥാന നിരീക്ഷണം എന്നിവയ്ക്കും സീമാന്‍ വിധേയനായി.ദേശീയ സുരക്ഷാ നിയമപ്രകാരം 2009 മാർച്ചിൽ അറസ്റ്റ് ചെയ്യപ്പെട്ട സീമാനെ കാലാപേട്ട് ജയിലിലേക്ക് മാറ്റി.ശ്രീലങ്കൻ ആഭ്യന്തരയുദ്ധം അവസാനിച്ചതോടെ 2009 മെയ് 18 ന് മധുരയിൽ സീമാനും മറ്റ് നിരവധി പ്രവർത്തകരും ചേര്‍ന്ന് 'നാം തമിഴർ ഇയക്കം'എന്ന പേരില്‍ ഒരു സാമൂഹിക സംഘടന രൂപീകരിച്ചു. പിന്നീടത് നാം തമിഴർ കച്ചി എന്ന രാഷ്ട്രീയ പാർട്ടിയായി മാറി.

വിവാദത്തിന് തിരികൊളുത്തിയ 'വന്തേരി'പ്രയോഗം

കടുത്ത തമിഴ് ദേശീയത പ്രചരിപ്പിക്കുന്നതിനൊപ്പം സീമാന്‍ നടത്തിയ പ്രകോപനപരമായ പല പരാമര്‍ശങ്ങളും വിവാദമായി.തമിഴ്നാട്ടില്‍ 'വന്തേരി'(വരത്തന്‍)കളുടെ ഭരണമാണ് നടക്കുന്നതെന്ന് സീമാന്‍ പലവട്ടം പ്രസംഗിച്ചു.തമിഴ്‌നാട്ടിൽ ചായക്കട നടത്തിയിരുന്ന മലയാളികൾ മുതൽ കൂലിപ്പണിക്ക് വന്ന ബംഗാളികളും ബിഹാറികളും അടങ്ങുന്ന ഉത്തരേന്ത്യക്കാരും സീമാന്‍റെ വിമര്‍ശനങ്ങള്‍ക്ക് ഇരയായി.സീമാന്‍ ഉയര്‍ത്തുന്ന തീവ്രഭാഷാ വാദത്തിന്‍റെ ഏറ്റവും ഭീകരമായ വശം വെളിപ്പെട്ടത് 2023 ഫെബ്രുവരി 14ന് ഈറോഡിലെ പൊതുസമ്മേളനത്തിൽ ഉത്തരേന്ത്യൻ കുടിയേറ്റ തൊഴിലാളികൾക്കെതിരെ അദ്ദേഹം നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു.

'ഉത്തരേന്ത്യൻ തൊഴിലാളികളെ പെണ്ണുകേസ്, കഞ്ചാവ് കേസ് എന്നിങ്ങനെയുള്ള കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്തു പട്ടിണിക്കിടണം. അങ്ങനെ ഹിന്ദിക്കാരെ എല്ലാവരെയും തമിഴ്നാട്ടിൽ നിന്ന് ഓടിക്കണം'എന്നായിരുന്നു സീമാന്‍റെ വാക്കുകള്‍. ആശ്ചര്യം എന്തെന്നാല്‍ സഹജീവികളെ കുറിച്ച് വിദ്വേഷം നിറഞ്ഞ വാക്കുകള്‍ സീമാന്‍ പറയുമ്പോള്‍ അതിനെ കൈയ്യടിച്ചും വിസിലടിച്ചും സ്വാഗതം ചെയ്യുന്ന ഒരുകൂട്ടം ആളുകള്‍ അവിടെ ഉണ്ടായിരുന്നു എന്നതാണ് സീമാന്‍റെ രാഷ്ട്രീയത്തില്‍ ഒളിച്ചിരിക്കുന്ന അപകടത്തിന്‍റെ ആക്കം കൂട്ടുന്നത്.ഹിന്ദി സംസാരിക്കുന്നവരെ ദക്ഷിണേന്ത്യക്കാര്‍ അടിച്ചോടിക്കുന്നുവെന്ന് ദേശീയതലത്തില്‍ പ്രചരിപ്പിക്കാന്‍ കാത്തിരുന്ന സംഘപരിവാര്‍ അനുകൂലികള്‍ക്ക് വീണുകിട്ടിയ അവസരമായി അവര്‍ അതിനെ മുതലെടുക്കുകയും ചെയ്തു.

തമിഴ് ഭാഷയുടെയും ദ്രാവിഡ സംസ്കാരത്തിന്‍റെയും സംരക്ഷണത്തിന് വേണ്ടിയാണ് തന്‍റെ പോരാട്ടമെന്ന് സീമാന്‍ പറയുമ്പോഴും വിദ്വേഷം പരത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് തന്നെയാണ് അദ്ദേഹത്തിന്‍റെ നിലപാടുകളിലൂടെ പ്രകടമാകുന്നത്.വന്തേരികളുടെ  ഭരണവും, ഇതര സംസ്ഥാന തൊഴിലാളികളുടെ വരവും തമിഴ് ജനതയുടെ അധഃപതനത്തിലേക്ക് നയിച്ചെന്നാണ് സീമാന്‍റെ വാദം.

തെരഞ്ഞെടുപ്പില്‍ നാം തമിഴര്‍ കച്ചി

2016-മുതല്‍ സീമാന്‍റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാണ് നാം തമിഴര്‍ കച്ചി.234 നിയമസഭ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചു.തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെയും എന്‍ടികെ രംഗത്തിറക്കി.മുഖ്യമന്ത്രി ജയലളിതക്കെതിരെ ചെന്നൈ ആര്‍കെ പുരം മണ്ഡലത്തില്‍ മത്സരിച്ച സി.ദേവിയായിരുന്നു എന്‍ടികെയുടെ സ്ഥാനാര്‍ഥി.ഇരട്ട മെഴുകുതിരികളായിരുന്നു ചിഹ്നമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. മത്സരിച്ച എല്ലാ സീറ്റുകളിലും എന്‍ടികെ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു.കടലൂര്‍ മണ്ഡലത്തില്‍ മത്സരിച്ച സീമാന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 458,104 വോട്ടാണ്  2016-ല്‍ പാര്‍ട്ടിക്ക് ആകെ നേടാനായത്.തമിഴ്നാട്ടില്‍ വേരോട്ടമുള്ള MDMK,CPI,VCK,CPM, TMC തുടങ്ങിയ പരമ്പരാഗത പാര്‍ട്ടികളെക്കാള്‍ കൂടുതലായിരുന്നു ടിഎംകെയുടെ വോട്ട് വിഹിതം എന്നതും വസ്തുതയാണ്.

2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 39 സീറ്റുകളിലും പുതുച്ചേരിയിലെ ഒരു സീറ്റിലും എന്‍ടികെ മത്സരിച്ചു.ആകെ മത്സരിച്ച 40 സീറ്റുകളില്‍ 20 ഇടത്തും സ്ത്രീകളെ സ്ഥാനാര്‍ഥികളാക്കി നീക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശ്രീപെരുമ്പത്തൂർ  മണ്ഡലത്തിൽ മത്സരിച്ച എച്ച്.മഹേന്ദ്രനിലൂടെ നേടിയ 84,855 വോട്ടാണ് ഒരു ടിഎംകെ സ്ഥാനാര്‍ഥിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന വോട്ട്.സംസ്ഥാനത്ത് പോൾ ചെയ്ത 42,083,544 വോട്ടുകളിൽ 3.909 ശതമാനം (1,645,185) ടിഎംകെ സ്വന്തമാക്കി.

കരുണാനിധിയുടെയും ജയലളിതയുടെയും മരണത്തിന് ശേഷം നടന്ന 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പുതുച്ചേരിയിലെ 28 മണ്ഡലങ്ങളിലും നാം തമിഴർ കച്ചി മത്സരിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ 117 സ്ത്രീകള്‍ 117 പുരുഷന്മാര്‍ എന്നിങ്ങനെ പാര്‍ട്ടി തുല്യത പാലിച്ചു.159 സീറ്റുമായി ഡിഎംകെ സഖ്യം അധികാരത്തിലേറിയപ്പോള്‍ അണ്ണാ ഡിഎംകെ-ബിജെപി സഖ്യം 75 സീറ്റുകളിലേക്ക് ഒതുങ്ങി.വീണ്ടും പരാജയപ്പെട്ടെങ്കിലും ഒരു സഖ്യത്തിലും ചേരാതെ ഒറ്റക്ക് മത്സരിച്ച നാം തമിഴര്‍ കച്ചി 6.58 ശതമാനമാക്കി തങ്ങളുടെ വോട്ട് വിഹിതം ഉയര്‍ത്തി.പല മണ്ഡലങ്ങളിലും എന്‍ടികെ സ്ഥാനാര്‍ഥികള്‍ മൂന്നാമതെത്തി.

2024  ലോക്സഭ തെരഞ്ഞെടുപ്പില്‍ അധ്യാപകരും ഡോക്ടര്‍മാരും അഭിഭാഷകരും അടങ്ങുന്ന സംഘമാണ് 39 മണ്ഡലങ്ങളിലും എന്‍ടികെ സ്ഥാനാര്‍ഥികളായി മത്സരിച്ചത്.ഇതില്‍ 50 ശതമാനവും സ്ത്രീകളാണ്. കൃഷ്ണഗിരി മണ്ഡലത്തില്‍ കൊല്ലപ്പെട്ട ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്‍റെ മകള്‍ അഡ്വ.വിദ്യാ റാണിയെ സ്ഥാനാര്‍ഥിയാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. നേരത്തെ ബിജെപിയില്‍ അംഗമായിരുന്ന അവര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് എന്‍ടികെയിലേക്ക് കൂടുമാറിയത്.

ടിഎംകെയുടെ ഭാവി..

ഡിഎംകെയ്ക്കും എഡിഎംകെയ്ക്കും പിന്നില്‍ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയാവുക എന്ന ലക്ഷ്യത്തോടെയാണ് നാം തമിഴര്‍ കച്ചിയും സീമാനും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടിൽ ഒരു ബദൽ രാഷ്ട്രീയം ഉണ്ടാക്കും എന്ന പ്രഖ്യാപനത്തിലൂടെ ഭാവിയില്‍ അധികാരം പിടിക്കാനുള്ള മുന്നൊരുക്കങ്ങളും അവര്‍ നടത്തുന്നു.ഇതില്‍ ഏറ്റവും പ്രധാനം അണ്ണാമലൈയിലൂടെ തമിഴ്നാട്ടില്‍ ശക്തിപ്രാപിക്കുന്ന ബിജെപിയ്ക്ക് തടയിടാന്‍ എന്‍ടികെയുടെ വളര്‍ച്ച ഗുണം ചെയ്യുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലാണ്.2026-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്റ്റാലിനും ഉദയനിധിയും നയിക്കുന്ന ഡിഎംകെയും എടപ്പാടി പളനിസാമി നേതൃത്വം നല്‍കുന്ന എഡിഎംകെയ്ക്കും പുറമെ നടന്‍ വിജയ് ആരംഭിച്ച തമിഴക വെട്രിക് കഴകത്തെയും ബിജെപിയെയും ടിഎംകെയ്ക്ക് നേരിടേണ്ടി വരും. 

SCROLL FOR NEXT