NEWSROOM

വിചാരണക്കോടതി വിധി വേദനിപ്പിച്ചു; ഹൈക്കോടതി വിധിയിൽ ആശ്വാസം: ഷിബിൻ്റെ പിതാവ്

നാദാപുരം ഏരിയാ കമ്മിറ്റി കേസിന് പൂര്‍ണപിന്തുണ നല്‍കി. ഏരിയ കമ്മറ്റിക്ക് നന്ദി അറിയിക്കുന്നു. സര്‍ക്കാരിനും നന്ദിയെന്നും പിതാവ്

Author : ന്യൂസ് ഡെസ്ക്

നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിയില്‍ ആശ്വാസമെന്ന് പിതാവ് ഭാസ്‌കരന്‍. ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി മാറാട് കോടതിയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. മാറാട് വിധി വേദനാജനകമായിരുന്നുവെന്നും ഭാസ്‌കരന്‍ പറഞ്ഞു.

സിപിഎം നാദാപുരം ഏരിയാ കമ്മിറ്റി കേസിന് പൂര്‍ണപിന്തുണ നല്‍കി. ഏരിയ കമ്മറ്റിക്ക് നന്ദി അറിയിക്കുന്നു. സര്‍ക്കാരിനും പബ്ലിക് പ്രൊസിക്യൂട്ടര്‍ എസ്. യു നാസര്‍ അടക്കമുള്ള അഭിഭാഷകര്‍ക്കും ഭാസ്‌കരന്‍ നന്ദി അറിയിച്ചു.

കേസില്‍ ജില്ലാ കോടതി ജഡ്ജി കണ്ടെത്തിയ കാര്യങ്ങള്‍ ശരിയല്ലെന്ന് ഓരോന്നായി എടുത്തു കാട്ടിയാണ് എല്ലാ പ്രതികള്‍ക്കും ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. യു നാസര്‍ പറഞ്ഞു. ശക്തമായ തെളിവുകള്‍ വിചാരണ കോടതി ലഘൂകരിക്കുന്ന പ്രവണത ശരിയല്ല. പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് വിധിയിലൂടെ ഹൈക്കോടതി നിരീക്ഷിച്ചു. കേസ് അന്വേഷിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പ്രശംസ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രതികളും ഈ മാസം 15 -ാം തീയതി കോടതിയില്‍ ഹാജരാക്കുന്നതിന് കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അന്ന് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കും.


ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരെന്നാണ് ഹൈക്കോടതി വിധി. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ 17 പേരാണ് കേസിലെ പ്രതികള്‍. വിചാരണ കോടതി വെറുതെ വിട്ട പ്രതികളെയാണ് ഹൈക്കോടതി നിലവില്‍ ശിക്ഷിച്ചത്. എരഞ്ഞിപ്പാലത്തെ സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള മൂന്ന് ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

2015 ജനുവരി 22നായിരുന്നു സംഘം ചേര്‍ന്നെത്തിയ പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. തെയ്യംപാടി ഇസ്മായില്‍, സഹോദരന്‍ മുനീര്‍ എന്നീ മുസ്ലിം ലീഗ് പ്രവര്‍ത്തകരും പ്രതികളായിരുന്നു. രാഷ്ട്രീവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ ആറു പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. ഷിബിന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയായ ലീഗ് പ്രവര്‍ത്തകന്‍ കാളിയറമ്പത്ത് അസ്ലമിനെ (20) 2016 ഓഗസ്റ്റ് 12ന് വൈകിട്ട് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൂട്ടുകാരുമൊത്ത് ഫുട്ബോള്‍ കളിക്കാന്‍ പോകവേ ഇന്നോവയിലെത്തിയ അക്രമി സംഘം വെട്ടുകയായിരുന്നു.

പ്രോസിക്യൂഷന്‍, ഷിബിന്റെ പിതാവ് ഭാസ്‌ക്കരന്‍, ആക്രമണത്തില്‍ പരുക്കേറ്റവര്‍ എന്നിവരാണ് പ്രതികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് അപ്പീല്‍ സമര്‍പ്പിച്ചത്. തെളിവുകള്‍ പരിശോധിക്കാതെയും പരിഗണിക്കാതെയും ഉള്ളതാണ് വിചാരണക്കോടതിയുടെ ഉത്തരവ് എന്നാണ് ഹര്‍ജിക്കാര്‍ വാദമുന്നയിച്ചത്.

SCROLL FOR NEXT