പാരിസ് ഒളിംപിക്സ് ജാവലിനില്‍ സ്വര്‍ണ മെഡല്‍ നേടിയത് അര്‍ഷദ് നദീമാണ്. പക്ഷെ ഒരു പ്രശ്നമുണ്ട്. മെഡല്‍ നേട്ടത്തിലോ ത്രോയിലൊ അല്ല വിഷയം. ക്രെഡിറ്റാണ്. നദീമിന്റെ ജന്മനാടായ പാകിസ്ഥാനില്‍ സ്വര്‍ണ മെഡലിന്റെ ഖ്യാദിയുടെ അവകാശത്തിനായി അടിപിടിയാണ്. പാകിസ്ഥാന് കായിക ബോര്‍ഡും കായിക മന്ത്രാലയവുമാണ് ഇതില്‍ മുന്നില്‍. എന്നാല്‍ ഇതിനിവര്‍ അര്ഹരല്ലായെന്നാണ് പാകിസ്ഥാനിലെ ജനങ്ങൾ പറയുന്നത്. അങ്ങനെ പറയാൻ തക്കതായ കാരണവുമുണ്ട്.
ഒളിംപിക്സിനു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അധികൃതരോട് നദീം ഒരു പുതിയ ജാവലിന്‍ ആവശ്യപ്പെട്ടിരുന്നു. പഴയ ജാവലിന്‍ അപ്പോഴേക്കും എട്ട് വര്‍ഷത്തെ ഉപയോഗം കാരണം നശിച്ചു പോയിരുന്നു. എന്നാല്‍ ആരും ഈ ആവശ്യം ചെവിക്കൊണ്ടില്ല. അവിടെയും തീരുന്നില്ല, പരിശീലനത്തിനായി നല്ലൊരു കോച്ചിനെ പോലും കായിക ബോര്‍ഡ് നിയമിച്ചിരുന്നില്ല. പാരിസ് ഒളിംപിക്സില്‍ മറ്റുള്ളവര്‍ മികച്ച പരിശീലനം ലഭിച്ച് കളത്തിലിറങ്ങുമ്പോള്‍ സ്വര്‍ണ മെഡല്‍ ജേതാവിന് അങ്ങനെയൊന്ന് സ്വപ്നം മാത്രമായിരുന്നു. പാകിസ്ഥാനിലെ പഞ്ചാബ് സ്പോര്‍ട്സ് കോംപ്ലക്സില്‍ കനത്ത ചൂടില്‍ അമെച്വര്‍ കായിക താരങ്ങള്‍ക്കൊപ്പമായിരുന്നു നദീമിന്റെ പരിശീലനം.
ALSO READ: കൂലിപ്പണിക്കാരൻ്റെ മകൻ, ഒരേ ജാവലിനിൽ 8 വർഷം പരിശീലനം, ആരാണ് പാരിസിലെ 'ഗോൾഡൻ ത്രോ മാൻ' അര്‍ഷദ് നദീം?
ജാവലിനില്‍ സ്വര്‍ണം നേടിയ നദീമിനെ ആദ്യം അഭിനന്ദിക്കുന്നത് പാകിസ്ഥാന് പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ വീക്ഷണമാണ് നദീമിനെ മെഡലിനു പാകപ്പെടുത്തിതെന്നായിരുന്നു ആശംസയുടെ ആകത്തുക. ഇന്ത്യയുടെ വിനേഷ് ഫോഗട്ട് 50 കിലോ വിഭാഗം ഗുസ്തിയില്‍ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ നരേന്ദ്ര മോദിയെ പുകഴ്ത്തി ബിജെപി എംപി കങ്കണ റണൗട്ട് രംഗത്ത് വന്നതിനു സമാനമാണിത്. ക്രെഡിറ്റെടുക്കുന്നതില് കായിക ബോര്‍ഡും പുറകിലല്ല. നദീമിന്റെ കാല്മുട്ടിനുള്ള ശസ്ത്രക്രിയയ്ക്ക് 10 മില്യണ്‍ നല്കിയതും ക്യാഷ് അവാര്‍ഡ് കൊടുത്തതും ബോര്‍ഡ് എണ്ണിപ്പറഞ്ഞു.
പാകിസ്ഥാനില്‍ കായിക മേഖലയ്ക്ക് ദിശാബോധം നല്കുന്ന സര്‍ക്കാര്‍ പദ്ധതികളൊന്നും തന്നെയില്ല. പുതിയൊരു കായിക മന്ത്രി വന്നെങ്കിലും രാഷ്ട്രിയം മാറുന്നില്ല. 2009ല്‍ മുന്‍ ഫെഡറല്‍ മിനിസ്റ്റര്‍ അഹ്സാന് ഇഖ്ബാല്‍ കോടികള്‍ ചിലവിട്ട് നരോവാലില്‍ മള്‍ട്ടി സ്പോര്‍ട്സ് സിറ്റിയുടെ നിര്‍മാണം തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോഴും അത് അത്ലറ്റുകള്‍ക്ക് തുറന്ന് നല്‍കിയിട്ടില്ല. കഴിഞ്ഞ രണ്ട് ബജറ്റിലും പാകിസ്ഥാന് സര്‍ക്കാര്‍ തുച്ഛമായ വിഹിതമാണ് കായിക മേഖലയ്ക്കായി മാറ്റിവെച്ചത്. മുന്‍ ബജറ്റിനേക്കാള്‍ കുറവായിരുന്നു ഈ വര്‍ഷം അനുവദിച്ചത്.
കായിക മേഖലയിലെ രാഷ്ട്രീയം പാകിസ്ഥാനിലെ അത്ലറ്റുകളെ വലയ്ക്കുകയാണ്. അതിനോട് പോരാടി നേടുന്ന വിജയം പോലും കൈവശപ്പെടുത്താനാണ് രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ ഒളിംപിക്സ് വിജയം നദീമിന് മാത്രം അവകാശപ്പെട്ടതാണെന്നാണ് പാകിസ്ഥാന് കായിക പ്രേമികള്‍ പറയുന്നത്.