NEWSROOM

രോഹിണി അധ്യക്ഷ; ലൈംഗികാതിക്രമ പരാതി അറിയിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് നടികര്‍ സംഘം

ഹേമാ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമ മേഖലയിലുണ്ടാക്കിയ മാറ്റങ്ങള്‍ക്ക് പിന്നാലെ തമിഴ് സിനിമയിലും കമ്മിറ്റി വേണമെന്ന ആവശ്യം ശക്തമായിരുന്നു.

Author : ന്യൂസ് ഡെസ്ക്

തമിഴ് സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി നടി രോഹിണിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം. ലൈംഗികാതിക്രമം ബോധ്യപ്പെട്ടാൽ കുറ്റക്കാർക്ക് അഞ്ച് വർഷത്തേക്ക് സിനിമയിൽ വിലക്കേർപ്പെടുത്തുമെന്നും നടികർ സംഘം ജനറൽ സെക്രട്ടറി വിശാൽ പറഞ്ഞിരുന്നു. പരാതിക്കാര്‍ക്ക് കമ്മിറ്റിയുമായി ബന്ധപ്പെടാന്‍ പ്രത്യേക ഫോണ്‍ നമ്പറും ഇ-മെയില്‍ ഐഡിയും തയാറാക്കിയിട്ടുണ്ട്.

ഹേമാ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമ മേഖലയിലുണ്ടാക്കിയ മാറ്റങ്ങള്‍ക്ക് പിന്നാലെ തമിഴ് സിനിമയിലും കമ്മിറ്റി വേണമെന്ന ആവശ്യം ശക്തമായിരുന്നു. പിന്നാലെ ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കാനായി ആഭ്യന്തര പ്രശ്ന പരിഹാര സെൽ രൂപീകരിക്കുമെന്ന് നടികർ സംഘത്തിന്‍റെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 2019 മുതല്‍ സംഘടനയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി നിലവിലുണ്ടെങ്കിലും പ്രവര്‍ത്തനം സജീവമായിരുന്നില്ല. ഇക്കാലത്ത് ലഭിച്ച പരാതികള്‍ തീര്‍പ്പാക്കിയിരുന്നുവെന്ന് നടി രോഹിണി പറഞ്ഞു. പരാതിക്കാരുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാനാണ് ഇക്കാര്യങ്ങള്‍ അന്ന് മാധ്യമങ്ങളെ അറിയിക്കാതിരുന്നതെന്നും രോഹിണി പറഞ്ഞു. തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമം രൂക്ഷമായ സാഹചര്യത്തിലാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

പരാതിക്കാരായ സ്ത്രീകൾക്ക് പൊലീസിൽ ബന്ധപ്പെടാനും നിയമനടപടി സ്വീകരിക്കാനും കമ്മിറ്റി സഹായിക്കുമെന്നും നടികർ സംഘം വ്യക്തമാക്കി. ഇരകൾക്ക് ഈ നമ്പറിലൂടെയും ഇ-മെയില്‍ വഴിയും പരാതികൾ അറിയിക്കാം. എന്നാൽ പരാതിക്കാർ മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കരുതെന്നാണ് സംഘടനയുടെ നിർദേശം. തെന്നിന്ത്യൻ അഭിനേതാക്കളുടെ സംഘടനയുടെ 68-ാമത് ജനറൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

SCROLL FOR NEXT