NEWSROOM

അങ്ങനെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല; മന്ത്രി കൊണ്ട സുരേഖയ്‌ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നാഗാര്‍ജുന

കഴിഞ്ഞ ദിവസം മന്ത്രിക്കെതിരെ നാഗാര്‍ജുന മാനനഷ്ടക്കേസ് നല്‍കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

സാമന്ത-നാഗചൈതന്യ വിവാഹമോചനത്തിലെ വിവാദ പരാമര്‍ശത്തില്‍ തെലങ്കാന പരിസ്ഥിതി മന്ത്രി കൊണ്ടാ സുരേഖയെ വിടാതെ നാഗാര്‍ജുന. മന്ത്രിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ് നല്‍കുന്ന കാര്യം ആലോചിക്കുകയാണെന്ന് നാഗാര്‍ജുന പ്രതികരിച്ചു. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. 

മന്ത്രിയുടെ അതിരുകടന്ന പരാമര്‍ശങ്ങള്‍ അങ്ങനെ വിട്ടുകളയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് നാഗാര്‍ജുന പറഞ്ഞതായി ടൈംസ് നൗ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാഗചൈതന്യ-സാമന്ത വിവാഹമോചനത്തില്‍ തൻ്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. സാമന്തയോട് ക്ഷമാപണം നടത്തിയതായും പറയുന്നു. അപ്പോള്‍, താനും തന്റെ കുടുംബവും നേരിട്ടതോ? മന്ത്രി തന്നോടോ കുടുംബത്തോടോ മാപ്പ് പറഞ്ഞിട്ടില്ല- നാഗാര്‍ജുന പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രിക്കെതിരെ നാഗാര്‍ജുന മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഇതികൂടാതെ, നൂറ് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറ്റൊരു കേസ് കൂടി നല്‍കുന്നതിനായുള്ള നടപടികളിലാണെന്നും നാഗാര്‍ജുന അറിയിച്ചു.


സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനത്തിനു പിന്നില്‍, മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബി.ആര്‍ എസ് നേതാവുമായ കെ.ടി രാമ റാവുവിന് പങ്കുണ്ടെന്നായിരുന്നു മന്ത്രി കൊണ്ടാ സുരേഖയുടെ പരാമര്‍ശം. ഇതിനു പിന്നാലെ, സാമന്തയും നാഗചൈതന്യയും പ്രതികരണവുമായി രംഗത്തെത്തി. രൂക്ഷമായ ഭാഷയിലാണ് താരങ്ങള്‍ മന്ത്രിക്കെതിരെ പ്രതികരിച്ചത്.


നാഗചൈതന്യയുടെ പിതാവും തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരവുമായ നാഗാര്‍ജുനയും ശക്തമായി പ്രതികരിച്ചിരുന്നു. കൂടാതെ, അല്ലു അര്‍ജുന്‍ അടക്കമുള്ള താരങ്ങളും മന്ത്രിക്കെതിരെ രംഗത്തെത്തി. 24 മണിക്കൂറിനുള്ളിൽ പരാമർശം പിൻവലിക്കണമെന്ന് കെ.ടി രാമറാവുവും മുന്നറിയിപ്പ് നൽകി.  ഇതോടെ, പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് മന്ത്രി തടിയൂരി. 

എതിരാളികളെ വിമര്‍ശിക്കാനായി സിനിമാ താരങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുത്. സ്വകാര്യതയെ ബഹുമാനിക്കണം. ഉത്തരവാദിത്തപ്പെട്ട ഒരു പദവിയിലിരുന്നുകൊണ്ട് മന്ത്രി നടത്തിയ പ്രതികരണങ്ങളും തന്റെ കുടുംബത്തിന് നേരെ നടത്തിയ ആരോപണങ്ങളും തെറ്റാണെന്നായിരുന്നു നാഗാര്‍ജുന സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞത്.

SCROLL FOR NEXT