സമീപ വർഷങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ അവകാശ പോരാട്ടങ്ങളുടെ കാര്യത്തിൽ അനവധി തിരിച്ചടികൾ നേരിട്ട എൽ.ജി.ബി.ടി.ക്യു. വിഭാഗത്തിന് ആശ്വാസ വിധിയുമായി നമീബിയൻ ഹൈക്കോടതി. സ്വവർഗരതിയെ ക്രിമിനൽ കുറ്റമാക്കിയ നിയമം ഒടുവിൽ നമീബിയൻ ഹൈക്കോടതി റദ്ദ് ചെയ്തു.
1990 ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോൾ പ്രകൃതി വിരുദ്ധ കുറ്റകൃത്യങ്ങൾ തടയുന്ന നിയമങ്ങളെ നമീബയും പിന്തുടർന്നിരുന്നു. ഈ നിരോധനം ഭാഗികമായി മാത്രമേ നടപ്പിലാക്കിയിരുന്നുള്ളുവെങ്കിലും എൽ.ജി.ബി.ടി.ക്യു വിഭാഗത്തിനു നേരെയുള്ള വിവേചനത്തിനും ഇവർക്കെതിരെയുള്ള പൊലീസ് അതിക്രമത്തിനും ഇത് കാരണമായതായി ആക്റ്റിവിസ്റ്റുകള്‍ പറയുന്നു.
നമീബിയയുടെ ഭരണഘടന പ്രകാരം നിയമങ്ങൾ അന്യായമായ വിവേചനത്തിന് തുല്യമാണെന്നും ഉഭയ സമ്മതപ്രകാരം ഒരു പുരുഷനും സ്ത്രീയും മുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലാത്തതിൽ നിന്നും വ്യത്യസ്തമല്ല ഇതെന്നും വിധിയിൽ പറയുന്നു. എങ്ങിനെയാണ് ഒരു സ്വവർഗാനുരാഗി സമൂഹത്തിന് ഭീഷണിയാകുന്നതെന്നും, ആരാണ് ഇവരിൽ നിന്നും സംരക്ഷിക്കപ്പെടേണ്ടതെന്നും വിധിയിൽ ചോദിക്കുന്നു.
ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ സുപ്രധാന വിധിയാണ് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.അതിൽ വളരെ ആഹ്ളാദത്തിലാണെന്നും എൽ.ജി.ബി.ടി.ക്യു. ആക്ടിവിസ്റ്റ് ഫ്രീഡൽ ദൗസാബ് പ്രതികരിച്ചു. ജനാധിപത്യത്തെ സംബന്ധിച്ച് ഇതൊരു ചരിത്രപരമായ വിധിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിധിക്കെതിരെ നമീബിയൻ സർക്കാർ അപ്പീൽ പോകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.വിധി വന്നതോടു കൂടി കൂടുതൽ ആളുകൾക്ക് ഇത് പ്രോത്സാഹനം നൽകുമെന്നാണ് കരുതപ്പെടുന്നത്.
ആഗോള തലത്തിൽ സ്വവർഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റകരമായ 64 രാജ്യങ്ങളിൽ 31 എണ്ണവും ആഫ്രിക്കയിലാണ് .